ദില്ലി: ഇന്ത്യൻ ഹോക്കി ഇതിഹാസം മുഹമ്മദ് ഷാഹിദ്(56) അന്തരിച്ചു. ഗുഡ്ഗാവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടർന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്ന ഷാഹിദ് അബോധാവസ്ഥയിലായിരുന്നു.

1980 മോസ്കോ ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു മുഹമ്മദ് ഷാഹിദ്. 1960ൽ വാരണാസിയിലായിരുന്നു ഷാഹിദിന്റെ ജനനം. ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ തലമുറയിലെ അവസാന കണ്ണി കൂടിയാണ് ഷാഹിദ്. സഫര്‍ ഇഖ്ബാല്‍, അതിജ്പാല്‍ സിംഗ്, വി.ഭാസ്കരന്‍ എം.കെ.കൗശിക് എന്നിവര്‍ക്കൊപ്പം ഷാഹിദ് കൂടി ചേരുന്നതായിരുന്നു എണ്‍പതുകളിലെ ഇന്ത്യയുടെ സുവര്‍ണ തലമുറ.

ഇടതുവിംഗില്‍ സഫര്‍ ഇക്ബാലിനൊപ്പം ഷാഹിദ് കൂടി ചേരുമ്പോള്‍ അത് ലോക ഹോക്കിയില്‍ ആരും പേടിക്കുന്ന കൂക്കെട്ടായി മാറുമായിരുന്നു. അസാമാന്യ വേഗവും ഡ്രിബ്ലിംഗ് മികവുയിരുന്നു ഷാഹിദിന്റെ പ്രധാന സവിശേഷത. 1979ല്‍ വെസ്റ്റിന്‍ഡീസിലേക്കുള്ള പര്യടനത്തിലാണ് ഷാഹിദ് ആദ്യമായി ഇന്ത്യന്‍ ടീമില്‍ കളിച്ചത്. പരമ്പരയുടെ താരമായാണ് ഷാഹിദ് തിരിച്ചെത്തിയത്. 1985-86 സീസണിൽ ഇന്ത്യൻ ക്യാപ്റ്റനായിരുന്നു ഷാഹിദിനെ അർജുന- പത്മശ്രീ പുരസ്കാരങ്ങൾ നല്‍കി രാജ്യം ആദരിച്ചിരുന്നു.