മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി നായകനായ 17 അംഗ ടീമിനെയാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കയില്‍ ആറ് ഏകദിനങ്ങളാണ് ഇന്ത്യ കളിക്കുന്നത്. പരുക്കിനെ തുടര്‍ന്ന് ശ്രീലങ്കക്കെതിരായ ഏകദിന-ട്വന്റി20 പരമ്പരയില്‍ നിന്ന് വിട്ടുനിന്ന കേദാര്‍ ജാദവും ശര്‍ദുല്‍ ഠാക്കുറും ടീമില്‍ തിരിച്ചെത്തി. 

രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ മൂന്നാം ഓപ്പണറായി അജിങ്ക്യ രഹാനയെ ഉള്‍പ്പെടുത്തി. ശ്രീലങ്കക്കെതിരായ ട്വന്‍റി20 പരമ്പരയില്‍ തിളങ്ങിയ ശ്രേയസ് അയ്യര്‍ പ്രോട്ടീസ് പര്യടനത്തിലുമുണ്ടാകും. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായി എംഎസ് ധോണിയും രണ്ടാം വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്കും ടീമിലുണ്ട്. മധ്യനിരയില്‍ മനീഷ് പാണ്ഡക്ക് വീണ്ടും അവസരം നല്കാന്‍ സെലക്ടര്‍മാര്‍ തയ്യാറായി.

യോയോ ടെസ്റ്റ് പാസായെങ്കിലും യുവരാജ് സിംഗിനും സുരേഷ് റെയ്നയ്ക്കും ടീമില്‍ തിരിച്ചെത്താനായില്ല. സ്പിന്നര്‍മാരായ ആര്‍ അശ്വിനും ജഡേജയും ഇത്തവണയും ടീമിലിടമില്ല. പകരം യശ്വേന്ദ്ര ചഹലും, കുല്‍ദീപ് യാദവും, അക്ഷര്‍ പട്ടേലും ടീമില്‍ സ്ഥാനം നിലനിര്‍ത്തി. ജസ്‌പ്രീത് ഭൂംമ്ര, ഭുവനേശ്വര്‍ കുമാര്‍, മുഹമ്മദ് ഷമി, ശര്‍ദുല്‍ ഠാക്കുര്‍, ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പട്ടേല്‍ എന്നിവരാണ് ടീമിലെ പേസര്‍മാര്‍. 

ഇന്ത്യന്‍ ടീം
വിരാട് കോലി, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ദിനേശ് കാര്‍ത്തിക്, എംഎസ് ധോണി, അജിങ്ക്യ രഹാനെ, ഹര്‍ദിക് പാണ്ഡ്യ, ജസ്‌പ്രീത് ഭൂംമ്ര, ഭുവനേശ്വര്‍ കുമാര്‍, യശ്വേന്ദ്ര ചഹല്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, ശര്‍ദുല്‍ ഠാക്കുര്‍, മുഹമ്മദ് ഷമി, കേദാര്‍ ജാദവ്