കൊച്ചി: മലയാളികള്‍ക്ക് പ്രിയപ്പെട്ട ഹ്യൂമേട്ടന്‍ വീണ്ടും മഞ്ഞപ്പടയിലേക്ക് കനേഡിയന്‍ താരമായ ഇയാന്‍ ഹ്യൂം ഐഎസ്എല്ലിലെ കേരള ബ്ലാസ്റ്റേഴ്‌സുമായി കരാര്‍ ഒപ്പിട്ടു. ഇംഗ്ലണ്ടിലെ പ്രമുഖ മാധ്യമങ്ങളാണ് ഇക്കാര്യം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലിലെത്തിച്ച 33 കാരനായ ഹ്യൂം, കഴിഞ്ഞ രണ്ട് സീസണുകളിലും കൊല്‍ക്കത്ത ടീമിലാണ് കളിച്ചത്.
എന്നാല്‍ കൊല്‍ക്കത്ത ടീമിന് അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള ബന്ധം അവസാനിച്ചതും മാനേജ്മെന്റില്‍ മാറ്റം ഉണ്ടായതും ക്ലബ്ബ് വിടാന്‍ ഹ്യൂമിനെ പ്രേരിപ്പിക്കുകയായിരുന്നു.മുംബൈ സിറ്റി, ജാംഷഡ്പൂര്‍ എഫ് സി,ഡല്‍ഹി ടീമുകളും ഹ്യൂമിനായി രംഗത്തുണ്ടായിരുന്നു. ഐഎസ്എല്ലില്‍ 23 ഗോളുകള്‍ നേടിയിട്ടുള്ള ഹ്യൂം ആണ് ലീഗിലെ ഗോള്‍വേട്ടയില്‍ മുന്നിലുള്ളത്.
ഐഎസ്എല്‍ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനായി പുറത്തെടുത്ത മികവാണ് ഇയാന്‍ ഹ്യൂമിനെ മലയാളികളുടെ പ്രിയപ്പെട്ട ഹ്യൂമേട്ടന്‍ ആക്കിയത്. രണ്ടാം സീസണില്‍ ഹ്യൂമിനെ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് വലിയ താല്‍പര്യ പ്രകടിപ്പിക്കാഞ്ഞത് ആരാധകരില്‍ നിരാശയുണ്ടാക്കിയിരുന്നു. ആദ്യ സീസണില്‍ അഞ്ച് ഗോളടിച്ച് സീസണിലെ ഹീറോ ആയും ഹ്യൂം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
