ഇന്ത്യ.ദക്ഷിണാഫ്രിക്ക പരന്പരയിലെ അവസാന ടെസ്റ്റിന് നാളെ ജൊഹാനസ്ബര്‍ഗിൽ തുടക്കമാകും. രഹാനെയെയും, നാലു പേസര്‍മാരെയും ഉള്‍പ്പെടുത്തുന്നത് ഇന്ത്യ ആലോചിക്കുന്നുണ്ട്. അതേസമയം രഹാനെയെ ആദ്യ രണ്ടു ടെസ്റ്റിലും ഒഴിവാക്കിയതിനെ ന്യായീകരിച്ച് കോച്ച് രവി ശാസ്ത്രിയും രംഗത്തെത്തി.
പരമ്പര നഷ്ടമായി ജൊഹാനസ്ബര്‍ഗില്‍ എത്തിയ ടീം ഇന്ത്യ മികച്ച പേസും ബൗൺസും ഉള്ള വിക്കറ്റാണ് അവസാന ടെസ്റ്റിൽ പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ ഭുവനേശ്വര്‍ കുമാറിനെ തിരിച്ചുവിളിച്ച് പേസ് ആക്രമണം ശക്തിപ്പെടുത്താനാണ് ആലോചന. ഭുവനേശ്വര്‍ കളിച്ചാൽ ആദ്യ ടെസ്റ്റിൽ 93 റൺസ് നേടിയ ഹാര്‍ദിക് പണ്ഡ്യയെയോ രണ്ടാം ടെസ്റ്റിൽ തിളങ്ങിയ അശ്വിനെയോ ഒഴിവാക്കേണ്ടിവരും.
രോഹിത് ശര്‍മ്മയ്ക്ക് ഒരവസം കൂടി നൽകണമെന്ന അഭിപ്രായം വിരാട് കോലിക്ക് ഉണ്ടെങ്കിലും അജിന്‍ക്യ രഹാനെയെ മൂന്നാമതും തഴയുന്നത് തിരിച്ചടിയാകുമെന്ന വാദം ശക്തമാണ്. അതേസമയം ശ്രീലങ്കയ്ക്കെതിരായ പരന്പരയിലെ ഫോം കണക്കിലെടുത്താണ് രോഹിത് ശര്‍മ്മക്ക് അവസരം നൽകിയതെന്ന കോലിയുടെ വാദത്തെ പിന്തുണച്ച് കോച്ച് രവിശാസ്ത്രിയും രംഗത്തെത്തി. രഹാനെ പരാജയപ്പെട്ടിരുന്നെങ്കില്‍ രോഹിത്തിനെ ഒഴിവാക്കിയത് വിവാദമായേനേ എന്നും ശാസ്ത്രി പറഞ്ഞു.
10 ദിവസം മുന്‍പെങ്കിലും ദക്ഷിണാഫ്രിക്കയിൽ എത്തിയിരുന്നെങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ മികച്ച പ്രകടനം നടത്തിയേയേ എന്നും രവി ശാസ്ത്രി അവകാശപ്പെട്ടു.
