ലണ്ടന്‍: നിര്‍ണായക പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് ഇന്ത്യാ വനിതാ ലോകകപ്പിന്റെ സെമിയിലെത്തി. ജീവന്‍മരണ പോരാട്ടത്തില്‍ 186 റണ്‍സിനായിരുന്നു ഇന്ത്യന്‍ പെണ്‍പുലികള്‍ ജയിച്ചുകയറിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ക്യാപ്റ്റന്‍ മിതാലി രാജിന്റെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 265 റണ്‍സെടുത്തപ്പോള്‍ ന്യൂസിലന്‍ഡ് 25.3 ഓവറില്‍ 79 റണ്‍സിന് പുറത്തായി. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളാണ് സെമിയിലെത്തിയ മറ്റ് ടീമുകള്‍. സ്കോര്‍ ഇന്ത്യ 50 ഓവറില്‍ 265/7, ന്യൂസിലന്‍ഡ് 25.3 ഓവറില്‍ 79ന് ഓള്‍ ഔട്ട്. സെമിയില്‍ കരുത്തരായ ഓസ്ട്രേലിയ ആയിരിക്കും ഇന്ത്യയുടെ എതിരാളികള്‍.

ഇന്ത്യന്‍ ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം മറികടക്കണമെങ്കില്‍ ന്യൂസിലന്‍ഡില്‍ നിന്ന് അത്ഭുത പ്രകടനങ്ങളെന്തെങ്കിലും ആവശ്യമായിരുന്നു. എന്നാല്‍ ഇടംകൈയന്‍ സ്പിന്നര്‍ രാജേശ്വരി ഗെയ്ക്‌വാദിന്റെ പന്തുകള്‍ക്ക് മുന്നില്‍ കീവീസ് കറങ്ങി വീണു. 7.3 ഓവറില്‍ 15 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്‌ത്തിയാണ് രാജേശ്വരി കീവികളുടെ ചിറകരിഞ്ഞത്. ദീപ്തി ശര്‍മ രണ്ട് വിക്കറ്റെടുത്തു. 26 റണ്‍സെടുത്ത സാറ്റെര്‍ത് വെയ്റ്റാണ് കീവിസിന്റെ ടോപ് സ്കോറര്‍. 12 റണ്‍സ് വീതമെടുത്ത മാര്‍ട്ടിനും കെറും മാത്രമാണ് സാറ്റെര്‍ത് വെയ്റ്റിനു പുറമെ കീവീ നിരയില്‍ രണ്ടക്കം കടന്നുള്ളു.