മൂന്ന് വിക്കറ്റ് നേടിയ ഏക്തയാണ് പാക്കിസ്ഥാനെ തകര്‍ത്തത് ബംഗ്ലാദേശും മലേഷ്യയും തമ്മിലുള്ള രണ്ടാം സെമി പോരാട്ടത്തിലെ വിജയികളാകും ഇന്ത്യയുടെ എതിരാളികള്‍

ക്വലാലംപൂര്‍: ഏഷ്യാകപ്പ് സെമി ഫൈനലില്‍ ഇന്ത്യന്‍ പെണ്‍പുലികള്‍ക്ക് ത്രസിപ്പിക്കുന്ന വിജയം. ചിരവൈരികളായ പാക്കിസ്ഥാനെ ഏഴു വിക്കറ്റിനു പരാജയപ്പെടുത്തി ഇന്ത്യ വനിതകളുടെ ടി20 ഏഷ്യാകപ്പ് ഫൈനലില്‍. പാക്കിസ്ഥാന്‍ ഉയര്‍ത്തിയ 73 റണ്‍സ് വിജയലക്ഷ്യം ഒരു ഘട്ടത്തിലും ഇന്ത്യക്ക് വെല്ലുവിളിയായില്ല. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം നേടി കലാശക്കളിയിലേക്ക് മാര്‍ച്ച് ചെയ്യുകയായിരുന്നു.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാനെ ഇന്ത്യന്‍ വനിതകള്‍ വരിഞ്ഞ് മുറുക്കുകയായിരുന്നു. ഇരുപത് ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സ് മാത്രമാണ് പാക്കിസ്ഥാന് നേടാനായത്. മൂന്ന് വിക്കറ്റ് നേടിയ ഏക്തയാണ് പാക്കിസ്ഥാനെ തകര്‍ത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് മിതാലി രാജിനെയും ദീപ്തി ശര്‍മ്മയെയും പെട്ടന്ന് നഷ്ടമായെങ്കിലും സ്മൃതി മന്ദാനയും ഹര്‍മന്‍ പ്രീതും വിജയം സമ്മാനിക്കുകയായിരുന്നു.

38 റണ്‍സ് നേടിയ സ്മൃതി മന്ദാന ലക്ഷ്യത്തിന് മൂന്ന് റണ്‍സ് അകലെവച്ച് വീണെങ്കിലും 34 റണ്‍സ് നേടിയ ഹര്‍മന്‍ പ്രീത് വിജയമുറപ്പിച്ചു. ബംഗ്ലാദേശും മലേഷ്യയും തമ്മിലുള്ള രണ്ടാം സെമി പോരാട്ടത്തിലെ വിജയികളാകും ഫൈനലിലെ ഇന്ത്യയുടെ എതിരാളികള്‍. നാളെയാണ് കലാശക്കളി.