കഴിഞ്ഞദിവസം ശ്രീലങ്കയ്ക്കെതിരെ ധര്‍മ്മശാലയിൽ ഇന്ത്യൻ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞിരുന്നു. ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ 112 റണ്‍സിന് തകര്‍ന്നടിഞ്ഞപ്പോള്‍ സന്ദര്‍ശകര്‍ വെറും മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സമീപകാലത്ത് ഇന്ത്യ നേരിട്ട ഏറ്റവും നാണംകെട്ട തോൽവിയായിരുന്നു. ധോണിയുടെ രക്ഷാപ്രവര്‍ത്തനം കൂടി ഇല്ലായിരുന്നെങ്കിൽ ഇന്ത്യയുടെ നില ഏറ്റവും ദയനീയമാകുമായിരുന്നു. ഈ മൽസരത്തിൽ ഇന്ത്യയ്‌ക്ക് നാണംകെട്ട ഒരു ലോകറെക്കോര്‍‍ഡ് കൂടി സ്വന്തം പേരിൽ കുറിക്കേണ്ടിവരുന്നു. ഏകദിന ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ ആദ്യ പവര്‍ പ്ലേ സ്‌കോര്‍ എന്ന റെക്കോര്‍ഡാണ് ഇന്ത്യയുടെ പേരിലായത്. ആദ്യ പവര്‍ പ്ലേ ഓവറുകളായ പത്ത് ഓവറിൽനിന്ന് ഇന്ത്യ നേടിയത് 11 റണ്‍സ് മാത്രമായിരുന്നു. ഈ സമയത്ത് മൂന്നു വിക്കറ്റുകളും ഇന്ത്യയ്‌ക്ക് നഷ്ടമായിരുന്നു. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ സ്കോര്‍ ശ്രീലങ്കയ്ക്കെതിരെ 2000ൽ നേടിയ 54 റണ്‍സാണ്. അതേസമയം ഏകദിന ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ സ്‌കോര്‍ എന്ന റെക്കോര്‍‍ഡ് ശ്രീലങ്കയ്ക്കെതിരെയാണ്. 2004ൽ സിംബാബ്‌വെ, ശ്രീലങ്കയ്ക്കെതിരെ 34 റണ്‍സിനാണ് പുറത്തായത്.