ദില്ലി: ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍(ഐഒഎ) ആജീവനാന്ത പ്രസിഡന്റായി സുരേഷ് കല്‍മാഡിയേയും അഭയ് ചൗട്ടാലയേയും നിയമിക്കാനുള്ള തീരുമാനം ഐഒഎ റദ്ദാക്കി. ചെന്നൈയില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ നിയമനത്തിന് അംഗീകാരം നല്‍കിയിരുന്നില്ലെന്ന് ഐഒഎ പ്രസിഡന്റ് എന്‍.രാമചന്ദ്രന്‍ പ്രതികരിച്ചു. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ പത്ത് മാസം ജയില്‍ കിടന്ന കല്‍മാഡിയേയും അഴിമതി ആരോപണ വിധേയനായ ചൗട്ടാലയേയും തെരഞ്ഞെടുത്തത് വന്‍ വിവാദത്തിന് കാരണമായിരുന്നു.
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നിയമപ്രകാരം കുറ്റാരോപിതരായവര്‍ ഭരണസമിതിയില്‍ വരാന്‍ പാടില്ല. ഇതു മറികടന്നു കല്‍മാഡിയേയും ചൗട്ടാലയേയും ആജീവനാന്ത പ്രസിഡന്റ് സ്‌ഥാനത്ത് എത്തിക്കാനുള്ള തീരുമാനം എതിര്‍പ്പുകള്‍ സൃഷ്‌ടിച്ചിരുന്നു. ഐഒഎയുടെ വാര്‍ഷിക യോഗത്തിലാണ് കല്‍മാഡിയെയും അഭയ് സിംഗ് ചൗട്ടാലയെയും ആജീവനാന്ത പ്രസിഡന്റുമാരായി തെരഞ്ഞെടുത്തത്. നേരത്തെ ഐ.ഒ.എയുടെ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ അസോസിയേഷന്റെ അംഗീകാരം റദ്ദാക്കുമെന്ന് കേന്ദ്ര കായിക മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്ര കായിക മന്ത്രി വിജയ് ഗോയലും മുന്‍ കായികമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അജയ് മാക്കനടക്കം നിരവധി പേര്‍ ഐ.ഒ.എയുടെ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു.
തീരുമാനം വിവാദമായതിനെ തുടര്‍ന്ന് സ്ഥാനം ഏറ്റെടുക്കാന്‍ താനില്ലെന്ന് അറിയിച്ച് സുരേഷ് കല്‍മാഡി പിന്നീട് രംഗത്തെത്തി. എന്നാല്‍ അഭയ് സിംഗ് ചൗട്ടാല ഉപാധികളോടെയാണ് രാജിസന്നദ്ധത അറിയിച്ചത്. 1996 മുതല്‍ 2011 വരെ ഐഒഎ പ്രസിഡന്റായിരുന്നു കല്‍മാഡി. പിന്നീടു ചൗട്ടാല ഈ സ്‌ഥാനം വഹിച്ചു. 2010ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയില്‍ കല്‍മാഡിയുടെ പങ്ക് വ്യക്‌തമായതിനെ തുടര്‍ന്നു അദ്ദേഹം ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. 2012 ഡിസംബര്‍ മുതല്‍ 2014 ഫെബ്രുവരി വരെ ഐഒഎ പ്രസിഡന്റായിരുന്നു ചൗട്ടാല. ഇരുവരെയും നിയമിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഐഒഎ വൈസ് പ്രസിഡന്റ് നരീന്ദര്‍ ബത്ര നേരത്തെ രാജിവെച്ചിരുന്നു.
