മുംബൈ:ഐപിഎല്‍ കമന്റേറ്റര്‍മാരുടെ പാനലില്‍ നിന്ന് ഹര്‍ഷാ ഭോഗ്‍ലെയെ ഒഴിവാക്കിയതിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ബിസിസിഐ നേതൃത്വത്തിനും ബോളിവുഡ് താരം അമിതാഭ് ബച്ചനും എതിരെയാണ് ആരാധകരോഷം. മൂന്ന് പതിറ്റാണ്ടായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ ശബ്ദമായ ഹര്‍ഭ ഭോഗ്‍ലെയെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതിന് കാരണം ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍, ഇന്ത്യന്‍ നായകന്‍ എം എസ് ധോണി, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍ എന്നിവരുടെ നിലപാടുകളാണെന്നാണ്
റിപ്പോര്‍ട്ടുകള്‍.
ലോക ട്വന്റി-20യില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും കമന്ററി പറഞ്ഞ ഭോഗ്‍ലെ, മനോഹറിന്റെ തട്ടകമായ നാഗ്പൂരിലെ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികളുമായി ഇടഞ്ഞിരുന്നു.നാഗ്പൂരില്‍ ഹിന്ദി-ഇംഗ്ലീഷ് കമന്ററി ബോക്‌സുകള്‍ അടുത്തടുത്തല്ല ക്രമീകരിച്ചിരുന്നത്. രണ്ട് കമന്ററി ബോക്‌സുകള്‍ക്കുമിടയിലെ വിഐപി ബോക്‌സിലൂടെ നടക്കാന്‍ അനുവദിച്ചാല്‍ ഇംഗ്ലീഷ് കമന്ററിക്ക് ശേഷം ഓടിക്കിതച്ച് ഹിന്ദി ബോക്‌സിലെത്തുന്നത് ഒഴിവാക്കാമെന്നായിരുന്നു ഭോഗ്‌ലെയുടെ വാദം.എന്നാല്‍ മനോഹറിന്റെ
വിശ്വസ്തര്‍ ഭോഗ്‌ലെയുടെ ആവശ്യം തള്ളുകയും ബിസിസിഐ പ്രസിഡന്റിനോട് പരാതിപ്പെടുകയും ചെയ്തു.
ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിന് ശേഷമുള്ള ബച്ചന്റെയും ധോണിയുടെയും ട്വീറ്റുകളും ഭോഗ്‌ലെക്ക് വിനയായി.ബംഗ്ലാദേശി താരങ്ങളെ കുറിച്ച് സംസാരിക്കാതെ ടീം ഇന്ത്യയെ പ്രശംസിക്കുക മാത്രമാണ് കമന്റേറ്റര്‍മാര്‍ ചെയ്യേണ്ടതെന്ന ബച്ചന്റെ ട്വീറ്റ് ധോണി റീ ട്വീറ്റ് ചെയ്തു. വിവിധ രാജ്യങ്ങളില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയില്‍ ഒരു ടീമിനെക്കുറിച്ച് മാത്രം സംസാരിക്കാനാകില്ലെന്ന് ഭോഗ്‍ലെ വിശദീകരിച്ചെങ്കിലും ബിസിസിഐ നേതൃത്വത്തിന്റെ നീരസം മാറിയില്ല.
സോഷ്യല്‍ മീഡിയയില്‍ ബിസിസിഐക്കും ബച്ചനും എതിരെ ആഞ്ഞടിച്ച ആരാധകര്‍ കമന്ററിയെന്ന പേരില്‍ കോപ്രായം കാട്ടുന്ന സിദ്ദുവിനെയും ഡാനി മോറിസണെയുമാണ് ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു. അതേസമയം ആരാധക പിന്തുണയില്‍ സന്തോഷം അറിയിച്ച ഭോഗ്‍ലെ, കൊല്ലം ദുരന്തം പോലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വ്യക്തിപരമായ നിരാശകള്‍ക്ക് പ്രസക്തിയില്ലെന്നും പ്രതികരിച്ചു.
