മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 11-ാം സീസണിന് ഏപ്രില്‍ ഏഴിന് മുംബൈയില്‍ അരങ്ങുണരും. അതേസമയം ഉദ്ഘാടന ചടങ്ങ് ഏപ്രില്‍ ആറിനും ഫൈനല്‍ മെയ് 27നും മുംബൈയില്‍ നടക്കും. ഐപിഎല്‍ കമ്മീഷണര്‍ രാജീവ് ശുക്ലയാണ് ഐപിഎല്‍ മത്സരക്രമം പ്രഖ്യാപിച്ചത്. ഐപിഎല്‍ സംപ്രേക്ഷണാവകാശമുള്ള സ്റ്റാര്‍ നെറ്റ്‌വര്‍ക്കിന്‍റെ ആഭ്യര്‍ത്ഥനയെ തുടര്‍ന്ന് മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റം വരുത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ദിവസവും വൈകിട്ട് അഞ്ചരയ്ക്കും ഏഴ് മണിക്കുമാണ് മത്സരങ്ങള്‍ തുടങ്ങുക. നേരത്തെ എട്ട് മണിക്കായിരുന്ന മത്സരമാണ് ഒരു മണിക്കൂര്‍ നേരത്തെയാക്കിയത്. മത്സര സമയത്തില്‍ മാറ്റം വരുത്തണമെന്ന സ്റ്റാര്‍ നെറ്റ്‌വര്‍ക്കിന്‍റെ ആവശ്യം ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. എന്നാല്‍ ഗവേണിംഗ് കൗണ്‍സില്‍ അംഗമായ സൗരവ് ഗാംഗുലി മീറ്റിംഗില്‍ പങ്കെടുത്തില്ല.

കിംഗ്സ് ഇലവന്‍ പഞ്ചാബിന് ഹോം മത്സരങ്ങളില്‍ നാലെണ്ണം മൊഹാലിയിലും മൂന്നെണ്ണം ഇന്‍ഡോറിലും കളിക്കാന്‍ ഗവേണിംഗ് കൗണ്‍സില്‍ അനുമതി നല്‍കി. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ ഹോം വേദി പിന്നീട് മാത്രമേ തീരുമാനിക്കുകയുള്ളൂ. അതേസമയം 360 ഇന്ത്യന്‍ താരങ്ങളടക്കം 578 താരങ്ങള്‍ പങ്കെടുക്കുന്ന ഐപിഎല്‍ ലേലം ജനുവരി 27, 28 തിയ്യതികളില്‍ ബെംഗളുരുവില്‍ നടക്കും.