ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള മത്സരത്തിന്റെ ടോസിനുശേഷം ടീം ഇലവനെക്കുറിച്ച് പറഞ്ഞപ്പോള്‍ സ്വന്തം ടീം അംഗത്തിന്റെ പേര് മറന്ന് ഹൈദരാബാദ് നായകന്‍ കെയ്ന്‍ വില്യാംസണ്‍. ടീമിലെ നാലാമത്തെ വിദേശതാരത്തിന്റെ പേരാണ് വില്യാംസണ്‍ മറന്നുപോയത്. ബംഗ്ലാദേശ് താരം ഷാക്കീബ് അല്‍ ഹസന്റെ പേരാണ് വില്യാംസണ് എത്ര ആലോചിച്ചിട്ടും ഓര്‍മവരാഞ്ഞത്. എന്നാല്‍ തക്കസമയത്ത് ഇടപെട്ട രാജസ്ഥാന്‍ നായകന്‍ അജിങ്ക്യാ രഹാനെ ഷീക്കീബിന്റെ പേര് വില്യാംസണെ ഓര്‍മിപ്പിക്കുകയായിരുന്നു.

കമന്റേറ്ററായ ഡാനി മോറിസണാണ് വില്യാംസണോട് ടീം ഇലവനെക്കുറിച്ച് പറയാന്‍ ആവശ്യപ്പെട്ടത്. റഷീദ് ഖാനും സ്റ്റാന്‍ലേക്കും താനും പിന്നെ ഒരു വിദേശതാരം കൂടി അന്തിമ ഇലവനിലുണ്ടെന്നായിരുന്നു വില്യാംസന്റെ മറുപടി. എന്നാല്‍ നാലാമത്തെ വിദേശതാരമാരാണെന്ന് എത്ര ആലോചിച്ചിട്ടും ഓര്‍മയില്‍ വന്നതുമില്ല. ഈ സമയമാണ് രഹാനെ ഇടപെട്ടത്.

വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കളിക്കാര്‍ക്ക് പുറമെ ഇന്ത്യയിലെ പ്രാദേശിക കളിക്കാര്‍ കൂടി അണിനിരക്കുന്ന ഐപിഎല്ലില്‍ ഇവരുടെ എല്ലാം പേര് ഓര്‍മിക്കുക എന്നത് ഒരു ക്യാപ്റ്റനെ സംബന്ധിച്ചിടത്തോളം ദുഷ്കരമാണ്. പ്രത്യേകിച്ച് വില്യാംസണെപ്പോലെ തുടക്കക്കാരനായ ഒരു വിദേശ ക്യാപ്റ്റന്‍ കൂടിയാവുമ്പോള്‍.