Asianet News MalayalamAsianet News Malayalam

നരെയ്ന്‍ വെടിക്കെട്ടില്‍ ബംഗലൂരുവിനെ മുട്ടുകുത്തിച്ച് കൊല്‍ക്കത്ത

സുനില്‍ നരെയ്നിന്റെ വെടിക്കെട്ടിന് മുന്നിലാണ് ബംഗലൂരുവിന് അടിതെറ്റിയത്. 17 പന്തില്‍ അര്‍ധസെഞ്ചുറി നേടി നരെയ്ന്‍ നല്‍കിയ മിന്നുന്ന തുടക്കത്തില്‍ നിന്ന് കൊല്‍ക്കത്ത പിന്നോട്ട് പോയില്ല.

IPL 2018 Narine shines as KKR beat RCB

കൊല്‍ക്കത്ത: സുനില്‍ നരെയ്നിന്റെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ കരുത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിന നാലു വിക്കറ്റിന് കീഴടക്കിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് ഐപിഎല്‍ പതിനൊന്നാം സീസണില്‍ വിജയത്തുടക്കം. ബംഗലൂരു ഉയര്‍ത്തിയ 177 റണ്‍സിന്റെ വിജയലക്ഷ്യം കൊല്‍ക്കത്ത ഏഴു പന്തുകള്‍ ബാക്കി നിര്‍ത്തി മറികടന്നു.

ആദ്യം ബാറ്റ് ചെയ്ത മികച്ച സ്കോര്‍ കുറിച്ചിട്ടും സുനില്‍ നരെയ്നിന്റെ വെടിക്കെട്ടിന് മുന്നിലാണ് ബംഗലൂരുവിന് അടിതെറ്റിയത്. 17 പന്തില്‍ അര്‍ധസെഞ്ചുറി നേടി നരെയ്ന്‍ നല്‍കിയ മിന്നുന്ന തുടക്കത്തില്‍ നിന്ന് കൊല്‍ക്കത്ത പിന്നോട്ട് പോയില്ല. 19 പന്തില്‍ 50 റണ്‍സെടുത്ത് നരെയ്ന്‍ പുറത്തായശേഷം 25 പന്തില്‍ 34 റണ്‍സെടുത്ത നീതീഷ് റാണയും 29 പന്തില്‍ 35 റണ്‍സുമായി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കും കൊല്‍ക്കത്തയുടെ ജയത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. തുടക്കത്തിലെ കൂറ്റനടിക്കാരനായ ക്രിസ് ലിന്നിനെ(5) നഷ്ടമായശേഷമായിരുന്നു നരെയ്നിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്. ബംഗലൂരുവിനായി നാലോവറില്‍ 27 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഉമേഷ് യാദവ് ബൗളിംഗില്‍ തിളങ്ങി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബംഗലൂരു അവസാന ഓവറുകളില്‍ മന്‍ദീപ് സിംഗിന്റെ തകര്‍പ്പനടികളുടെ കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്. മന്‍ദീപ് 18 പന്തില്‍ നാല് ബൗണ്ടറിയുടെയും രണ്ട് സിക്സറുകളുടെയും കരുത്തില്‍ 37 റണ്‍സടിച്ചു. വിനയ്കുമാര്‍ എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സടിച്ച ബംഗലൂരുവിന് പക്ഷെ അവസാന മൂന്ന് പന്തിലും സ്കോര്‍ ചെയ്യാനായില്ല.

തുടക്കത്തിലെ ക്വിന്റണ്‍ ഡീകോക്കിനെ(4) നഷ്ടമായ ബംഗലൂരുവിന് ബ്രണ്ടന്‍ മക്കല്ലത്തിന്റെ തകര്‍പ്പനടികളാണ് കരുത്തായത്. 27 പന്തില്‍ 44 റണ്‍സടിച്ച മക്കല്ലം പുറത്തായശേഷം കരുതലോടെ കളിച്ച ക്യാപ്റ്റന്‍ വിരാട് കോലിയും തകര്‍ത്തടിച്ച ഡിവില്ലിയേഴ്സും ചേര്‍ന്ന് ബംഗലൂരുിവിനെ മികച്ച സ്കോറിലേക്ക് നയിച്ചു. 23 പന്തില്‍ ഒരു ബൗണ്ടറിയും അഞ്ച് സിക്സറും പറത്തിയ ഡിവില്ലിയേഴ്സ് ടോപ് ഗിയറിലായതോടെ ബംലൂരു 200 കടക്കുമെന്ന് തോന്നിച്ചെങ്കിലും ഡിവില്ലിയേഴ്സിനെ നിതീഷ് റാണ് വീഴ്ത്തിയതോടെ ബംഗലൂരുവിന്റെ കുതിപ്പിന് കടിഞ്ഞാണ്‍ വീണു. തൊട്ടുപിന്നാലെ വിരാട് കോലിയും(33 പന്തില്‍ 31) മടങ്ങിയതോടെ ബംഗലൂരു 150 കടക്കില്ലെന്ന് തോന്നിച്ചു. എന്നാല്‍ അവസാന ഓവറുകളില്‍ മന്‍ദീപ് സിംഗ് ആളിക്കത്തിയതോടെ ബംഗലൂരു സ്കോര്‍ 176ല്‍ എത്തി. കൊല്‍ക്കത്തയ്ക്കായി നിതീഷ് റാണയും വിനയ്കുമാറും രണ്ട് വിക്കറ്റ് വീഴ്ത്തി.

 

 

Follow Us:
Download App:
  • android
  • ios