അടുത്ത വര്‍ഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പാണ് മറ്റൊരു വേദി പരിഗണിക്കാന്‍ കാരണം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ പന്ത്രണ്ടാം സീസണ്‍ യുഎയിലേക്ക് മാറ്റാനുള്ള സാധ്യതയേറുന്നു. രാജ്യത്ത് അടുത്ത വര്‍ഷം നടക്കുന്ന പൊതു തെരഞ്ഞെടുപ്പിനെ ബാധിക്കാത്ത തരത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടത്താനാണ് ബിസിസിഐ ആലോചിക്കുന്നത്. പന്ത്രണ്ടാം സീസണിലെ മത്സരങ്ങള്‍ മാര്‍ച്ച് 29 മുതല്‍ മെയ് 19 വരെ നടത്താനാണ് നിലവില്‍ ബിസിസിഐയുടെ തീരുമാനം. 

അടിയന്തിര സാഹചര്യങ്ങളെ തുടര്‍ന്ന് നേരത്തെയും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളുടെ വേദി രാജ്യത്തിന് പുറത്തേക്ക് മാറ്റിയിട്ടുണ്ട്. 2014ല്‍ ലോക്‌സഭ തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ആദ്യ രണ്ട് ആഴ്ച്ചകളിലെ മത്സരങ്ങള്‍ സമാനമായ രീതിയില്‍ യുഎയിലേക്ക് മാറ്റിയിരുന്നു. ഐപിഎല്‍ രണ്ടാം സീസണിലെ മത്സരങ്ങള്‍ക്ക് ദക്ഷിണാഫ്രിക്കയാണ് വേദിയായത്. തെരഞ്ഞെടുപ്പ് തിയ്യതികള്‍ പുറത്തുവന്ന ശേഷമാകും ഇക്കാര്യത്തില്‍ ബിസിസിഐ അന്തിമ തീരുമാനം എടുക്കുക.