ചെന്നൈയുടെ ഹോം വേദിയായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും പരിഗണനയില്‍
ചെന്നൈ: ഐപിഎല് ടീം ചെന്നൈ സൂപ്പര് കിംഗ്സിന്റെ ഹോം വേദിയായി കാര്യവട്ടം ഗ്രീന്ഫീല്ഡ് സ്റ്റേഡിയവും പരിഗണനയില്. കാവേരി വിഷയത്തില് പ്രതിഷേധങ്ങളെ തുടര്ന്നാണ് ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തില് നിന്ന് മത്സരങ്ങള് മാറ്റാന് ബിസിസിഐ തീരുമാനിച്ചത്. ഇതോടെയാണ് കാര്യവട്ടത്തിന്റെ സാധ്യതകള് വീണ്ടും തെളിഞ്ഞത്.
ചെന്നൈ സൂപ്പര് കിംഗ്സിന്റെ ഹോം വേദിയായി നാല് നഗരങ്ങളാണ് പരിഗണനയിലുള്ളത്. ആദ്യ പരിഗണന വിശാഖപട്ടണത്തിനാണെന്ന് ബിസിസിഐ വ്യക്തമാക്കി. എന്നാല് ചെന്നൈ സൂപ്പര് കിംഗ്സിന് വലിയ ആരാധക പിന്തുണയും തമിഴ്നാടിനോട് ചേര്ന്നുകിടക്കുന്ന സംസ്ഥാനവുമായ കേരളത്തിനും സാധ്യതകളുണ്ട്. നേരത്തെയും മത്സരം കാര്യവട്ടത്തേക്ക് മാറ്റാനുള്ള പ്രാരംഭ ചര്ച്ചകള് നടന്നിരുന്നു.
പൂനെ, രാജ്കോട്ട് എന്നിവയാണ് പരിഗണനയിലുള്ള മറ്റ് രണ്ട് വേദികള്. എന്നാല് ചെന്നൈ മാനേജ്മെന്റിന് താത്പര്യം വിശാഖപട്ടണത്തോടാണ് എന്നാണ് സൂചന. കഴിഞ്ഞ ദിവസം നടന്ന കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില് സ്റ്റേഡിയത്തിന് അകത്തും പുറത്തും വലിയ പ്രതിഷേധം അരങ്ങേറിയിരുന്നു. തുടര്ന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും മത്സരത്തിന് കനത്ത സുരക്ഷ ഒരുക്കുകയും ചെയ്തിരുന്നു.
