കാണാം ചെന്നൈ- ബാംഗ്ലൂര്‍ അങ്കത്തില്‍ പിറന്ന 33 സിക്‌സറുകള്‍

ബംഗളൂരു: ഐപിഎല്‍ പതിനൊന്നാം സീസണില്‍ റണ്‍മഴ പെയ്യിക്കുകയായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍- ചെന്നൈ സൂപ്പര്‍ കിംഗ്സ് മത്സരം. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ 205 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ സൂപ്പര്‍ കിംഗ്സ് രണ്ട് പന്ത് ബാക്കിനില്‍ക്കേ വിജയത്തിലെത്തി. റണ്‍സിനൊപ്പം റെക്കോര്‍ഡുകളും പെയ്തിറങ്ങിയ മത്സരത്തില്‍ അതിര്‍ത്തിക്ക് മുകളിലൂടെ പറന്ന സിക്സറുകളും ചരിത്രമായി.

മത്സരത്തില്‍ രണ്ടിന്നിംഗ്സുകളിലുമായി ആകെ പിറന്നത് 33 സിക്സറുകളാണ്. ഐപിഎല്‍ ചരിത്രത്തില്‍ കൂടുതല്‍ സിക്റുകള്‍ പിറന്ന മത്സരമെന്ന റെക്കോര്‍ഡ് ഇതോടെ ചെന്നൈ- ബാംഗ്ലൂര്‍ മത്സരം സ്വന്തമാക്കി. ഈ സീസണില്‍ നടന്ന ചെന്നൈ– കൊല്‍ക്കത്ത പോരാട്ടത്തിലും കഴിഞ്ഞ സീസണിലെ ഡല്‍ഹി- ഗുജറാത്ത് മത്സരത്തിലെയും 31 സിക്സുകള്‍ എന്ന റെക്കോര്‍ഡാണ് ചിന്നസ്വാമിയിലെ ചെന്നൈ- ബാംഗ്ലൂര്‍ വെടിക്കെട്ടില്‍ പിന്നിലായത്. 

എട്ട് സിക്സുകള്‍ പറത്തിയ എബിഡിയാണ് മത്സരത്തില്‍ കൂടുതല്‍ പന്തുകള്‍ അതിര്‍ത്തിക്കപ്പുറത്തേക്ക് പറത്തിയ താരം. 111 മീറ്റര്‍ സഞ്ചരിച്ച് സ്റ്റേഡിയത്തിന്‍റെ പുറത്ത് വീണ കൂറ്റന്‍ സിക്സും ഇതിലുള്‍പ്പെടുന്നു. 17 സിക്സുകള്‍ അടിച്ചുകൂട്ടിയ ചെന്നൈ സൂപ്പര്‍ കിംഗ്സാണ് കൂടുതല്‍ സിക്സുകള്‍ അടിച്ചുകൂട്ടിയ ടീം. ഇതില്‍ ഏഴ് സിക്‌സറുകള്‍ മാന്‍ ഓഫ് ദ് മാച്ച് പുരസ്കാരം നേടിയ എംഎസ് ധോണിയുടെ ബാറ്റില്‍ നിന്നാണ് പിറന്നത്. 

മത്സരത്തില്‍ പിറന്ന 33 സിക്‌സറുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക