താരലേലത്തില്‍ ഗെയ്‌ലിനെ റോയല്‍ ചലഞ്ചേഴ്സ് കൈവിട്ടിരുന്നു

മൊഹാലി: ഐപിഎല്‍ 11-ാം സീസണിലെ താരലേലത്തില്‍ വിന്‍ഡീസിന്‍റെ വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയ്‌ലിനെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ നിലനിര്‍ത്താതിരുന്നത് ശ്രദ്ധേയമായിരുന്നു. എന്നാല്‍ ബാംഗ്ലൂര്‍ കൈവിട്ടപ്പോള്‍ വെറും രണ്ട് കോടി മുടക്കി താരലേലത്തിന്‍റെ അവസാന ഘട്ടത്തില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് കൂറ്റനടിക്കാരനെ കൂട്ടിലെത്തിച്ചു. 

ടീമിന്‍റെ ഉപദേശകനായ വീരേന്ദര്‍ സെവാഗിന്‍റെ നിര്‍ദേശപ്രകാരമാണ് ഗെയ്‌ലിനെ കിംഗ്സ് ഇലവന്‍ ലേലത്തിലെടുത്തത്. ഗെയ്‌ല്‍ രണ്ട് കളിയില്‍ ഫോമിലായാല്‍ മുടക്കുന്ന തുക തിരികെ ലഭിക്കും എന്നതായിരുന്നു താരത്തെ ടീമിലെടുക്കുമ്പോള്‍ വീരു പറഞ്ഞ കാരണം. എന്നാല്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിന്‍റെ ആ പ്രവചനം പോലും അതിര്‍ത്തികടത്തി ഗെയ്‌ല്‍ സീസണില്‍ തകര്‍പ്പന്‍ ഫോമിലായി. കിംഗ്സ് ഇലവനായി സീസണില്‍ ഒരു സെഞ്ചുറി ഉള്‍പ്പെടെ 252 റണ്‍സ് ഗെയ്‌ല്‍ അടിച്ചുകൂട്ടി.

മിന്നും ഫോം തുടരുന്നതിനിടെ താരലേലത്തില്‍ കൈവിട്ട ബാംഗ്ലൂരിന്‍റെ നടപടിയില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് യൂണിവേഴ്സല്‍ ബോസ്. റോയല്‍ ചലഞ്ചേഴ്സ് തന്നെ നിലനിര്‍ത്താതിരുന്നതില്‍ സങ്കടമുണ്ടെന്ന് ഗെയ്‌ല്‍ പറയുന്നു. തന്നെ നിലനിര്‍ത്തുമെന്ന് ആദ്യം അറിയിച്ചിരുന്നെങ്കിലും പിന്നീട് യാതൊരു മറുപടിയും ബാംഗ്ലൂരില്‍ നിന്ന് ലഭിച്ചിരുന്നില്ല എന്ന് ഗെയ്‌ല്‍ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി.