കമ്മിണ്‍സിന്‍റെ പിന്‍മാറ്റം മുംബൈ ഇന്ത്യന്‍സിന് വലിയ തിരിച്ചടിയാകും

മുംബൈ: ഐപിഎല്‍ പതിനൊന്നാം സീസണ്‍ ചൂടുപിടിക്കും മുമ്പ് മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി. മുംബൈയുടെ ഓസീസ് പേസ് എക്‌സ്‌പ്രസ് പാറ്റ് കമ്മിണ്‍സ് പരിക്കേറ്റ് പിന്‍മാറി. താരലേലത്തില്‍ 5.40 കോടി മുടക്കിയാണ് 24കാരനായ ഓസീസ് പേസറെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയിരുന്നത്. 

കമ്മിണ്‍സിന്‍റെ പിന്‍മാറ്റം മുംബൈ ഇന്ത്യന്‍സിന് വലിയ നഷ്ടമാകുമെന്നറപ്പ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ കമ്മിണ്‍സ് മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. പരമ്പരയില്‍ 21 ശരാശരിയില്‍ 22 വിക്കറ്റുകളാണ് കമ്മിണ്‍സ് പിഴുതത്. ജൂണില്‍ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഓസീസിന്‍റെ പരിമിത ഓവര്‍ പരമ്പരയും കമ്മിണ്‍സിന് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ മിച്ചല്‍ സ്റ്റാര്‍ക്, ഡല്‍ഹി ഡെയര്‍ഡവിള്‍സ് താരം കഗിസോ റബാഡ എന്നീ പേസര്‍മാര്‍ പരിക്കേറ്റ് ഐപിഎല്ലില്‍ നിന്ന് പിന്‍മാറിയിരുന്നു.