രണ്ട് ടീമുകള്‍ക്കായി 50 വിക്കറ്റ് നേടുന്ന ആദ്യ താരം
കൊല്ക്കത്ത: ഒരുകാലത്ത് ഇന്ത്യന് സ്പിന് നിരയിലെ ശ്രദ്ധാകേന്ദ്രമായിരുന്നു പീയുഷ് ചൗള. ഫോം നഷ്ടപ്പട്ടതോടെ താരം പതുക്കെ ആഭ്യന്തര ക്രിക്കറ്റില് മാത്രമായി ഒതുങ്ങി. എന്നാല് ഐപിഎല്ലില് നിര്ണായക പോരാട്ടങ്ങളുമായി തിളങ്ങാറുണ്ട് ചൗള. ഐപിഎല് പതിനൊന്നാം സീസണില് മറ്റാര്ക്കും അവകാശപ്പെടാനാവാത്ത ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ് ചൗളയിപ്പോള്.
ഐപിഎല് ചരിത്രത്തില് രണ്ട് ടീമുകള്ക്കായി 50 വിക്കറ്റുകള് വീതം വീഴ്ത്തിയ ഏക താരമാണ് ചൗള. കിംഗ്സ് ഇലവന് പഞ്ചാബ്, കൊല്ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമുകള്ക്കായാണ് ചൗള ഈ നേട്ടം കുറിച്ചത്. ആദ്യ ആറ് സീസണുകളില് പഞ്ചാബിനായി കളിച്ച താരം 84 മത്സരങ്ങളില് 84 വിക്കറ്റുകള് വീഴ്ത്തി. പിന്നീട് കൊല്ക്കത്തയിലെത്തിയ താരം അമ്പത്തിയൊന്നാം മത്സരത്തില് 50 വിക്കറ്റുകള് എന്ന നേട്ടം പൂര്ത്തിയാക്കി.
കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര് കിംഗ്സിനെതിരായ മത്സരത്തില് ഓള്റൗണ്ടര് രവീന്ദ്ര ജഡേജയെ പുറത്താക്കിയാണ് ചൗള നേട്ടത്തിലെത്തിയത്. അതേസമയം കൊല്ക്കത്ത നൈറ്റ് റൈഡേഴ്സിനായി കൂടുതല് വിക്കറ്റുകള് വീഴ്ത്തിയ രണ്ടാമത്തെ ബൗളര് കൂടിയാണ്. 105 വിക്കറ്റുമായി നരെയ്നാണ് മുന്നില്. ഐപിഎല്ലില് 138 മത്സരങ്ങള് കളിച്ചിട്ടുള്ള താരം ആകെ 134 വിക്കറ്റുകള് നേടി.
