മഴനിയമ പ്രകാരം രാജസ്ഥാന്‍ റോയല്‍സിന് 10 റണ്‍സിന്‍റെ ആവേശകരമായ ജയം
ജയ്പ്പുര്: മഴ തടസപ്പെടുത്തിയ കളിയില് രാജസ്ഥാന് റോയല്സിന് 10 റണ്സിന്റെ ആവേശകരമായ ജയം. മഴ മൂലം ആറ് ഓവറായി ചുരുക്കിയ മത്സരത്തില് പുനഃനിശ്ചയിച്ച 71 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന ഡല്ഹി ഡെയല്ഡെവിള്സിന് നാല് വിക്കറ്റ് നഷ്ടത്തില് 60 റണ്സെടുക്കാനേ കഴിഞ്ഞുള്ളൂ. കൂറ്റനടികള്ക്കുള്ള ശ്രമത്തിനിടെ വിക്കറ്റുകള് വലിച്ചെറിഞ്ഞ ഡല്ഹിക്ക് കാലിടറുകയായിരുന്നു.
ഡല്ഹിയുടെ മറുപടി ബാറ്റിംഗില് ആദ്യ പന്തില് മണ്റോ റണൗട്ടായി. നാലാം ഓവറിലെ നാലാം പന്തില് 17 റണ്സെടുത്ത മാക്സിയെ പേസര് ലഗ്ലിന് വിക്കറ്റ് കീപ്പര് ബട്ലറുടെ കൈകളിലെത്തിച്ചു. അഞ്ചാം ഓവറിലെ അവസാന പന്തില് 14 പന്തില് 20 റണ്സെടുത്ത പന്തും വീണതോടെ ഡല്ഹി പതറി. അവസാന ഓവറില് ജയിക്കാന് 25 റണ്സ് വേണ്ടിയിരുന്ന ഡല്ഹി 10 റണ്സ് അകലെ പോരാട്ടം അവസാനിപ്പിച്ചു. 17 റണ്സുമായി ക്രിസ് മോറിസ് പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന് റോയല്സ് 17.5 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 153 റണ്സെടുത്തു നില്ക്കവേ മഴയെത്തി. തുടര്ന്ന് ആറ് ഓവറില് 71 റണ്സായി പുനഃനിശ്ചയിക്കുകയായിരുന്നു. തുടക്കത്തിലെ തകര്ച്ച നേരിട്ട രാജസ്ഥാനെ രഹാനെ- സഞ്ജു സഖ്യമാണ് കരകയറ്റിയത്.
നായകന് അജിന്ക്യ രഹാനെ(45), സഞ്ജു സാംസണ്(37) ജോസ് ബട്ലര് (29) എന്നിവര് രാജസ്ഥാന് റോയല്സ് നിരയില് തിളങ്ങി. രാജസ്ഥാനായി 1000 റണ്സുകള് എന്ന അപൂര്വ്വ നേട്ടം മത്സരത്തില് സഞ്ജു പൂര്ത്തിയാക്കി. ഡല്ഹിക്കായി നദീം രണ്ടും ഷമിയും ബോള്ട്ടും ഓരോ വിക്കറ്റും നേടി.
