മലയാളി താരം സഞ്ജു സാംസണിന്‍റെ റെക്കോര്‍ഡ് പഴങ്കഥയായി
ദില്ലി: ഐപിഎല്ലില് സണ്റൈസേഴ്സ് ഹൈദരാബാദ്- ഡല്ഹി ഡെയര്ഡെവിള്സ് മത്സരത്തില് ശ്രദ്ധാകേന്ദ്രമായത് വെടിക്കെട്ട് സെഞ്ചുറിയുമായി തിളങ്ങിയ യുവതാരം റിഷഭ് പന്താണ്. ഹൈദരാബാദിന്റെ സീസണിലെ മികച്ച ബൗളിംഗ് നിരയെ തലങ്ങുംവിലങ്ങും പായിച്ച പന്ത് ഡല്ഹിക്കായി 63 പന്തില് 15 ഫോറും ഏഴ് സിക്സും സഹിതം 128 റണ്സെടുത്തു.
മുപ്പത്തിയാറ് പന്തില് അര്ദ്ധ സെഞ്ചുറി നേടിയ താരം അടുത്ത 20 പന്തില് സെഞ്ചുറി തികച്ചു. പതിനൊന്നാം സീസണിലെ ഉയര്ന്ന വ്യക്തിഗത സ്കോര് കൂടിയാണ് ഹൈദരാബാദിനെതിരെ പന്ത് അടിച്ചെടുത്തത്. വെടിക്കെട്ട് അര്ദ്ധ സെഞ്ചുറിയുമായി ഡല്ഹിയെ മികച്ച സ്കോറിലെത്തിച്ച പന്ത് മത്സരത്തിനിടെ നിര്ണായക റെക്കോര്ഡ് പേരിലാക്കി. ഇന്ത്യന് പ്രീമിയര് ലീഗില് 1000 റണ്സ് തികയ്ക്കുന്ന പ്രായം കുറഞ്ഞ താരമാണ് ഈ ഇരുപതുകാരന്.
20 വയസും 218 ദിവസവും പ്രായമുള്ളപ്പോളാണ് റിഷഭ് പന്ത് ആയിരം ക്ലബില് ഇടം നേടിയത്. വ്യക്തിഗത സ്കോര് 43 റണ്സില് നില്ക്കേ റെക്കോര്ഡ് പന്തിന്റെ പേരിലായി. 21 വയസും 183 ദിവസവും പ്രായമുള്ളപ്പോള് 1000 തികച്ച മലയാളി താരം സഞ്ജു സാംസണിന്റെ റെക്കോര്ഡാണ് ഇതോടെ പഴങ്കഥയായത്. 22 വയസും 175 ദിവസവും പ്രായമുള്ളപ്പോള് 1000 തികച്ച കോലിയാണ് മൂന്നാമത്.
