ഐപിഎല്ലില്‍ മികച്ച പ്രകടനമാണ് സഞ്ജു കാഴ്ച്ചവെക്കുന്നത്
ജയ്പ്പുര്: ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന്മാരില് ഒരാളാണ് മലയാളി താരം സഞ്ജു സാംസണ്. ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ച്ചവെച്ചിട്ടും ഇന്ത്യന് സീനിയര് ടീമില് സ്ഥിരസാന്നിധ്യമാകാന് സഞ്ജുവിനായില്ല. ഐപിഎല് പതിനൊന്നാം സീസണില് മികച്ച പ്രകടനം തുടരുന്ന സഞ്ജുവിന് ഇന്ത്യന് ടീമില് സ്ഥിരം അവസരം നല്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പാക്കിസ്ഥാന് പേസ് ഇതിഹാസം ഷൊയൈബ് അക്തര്.
ഐപിഎല്ലില് രാജസ്ഥാന് റോയല്സിന്റെ രണ്ടാം മത്സരത്തില് ഡല്ഹി ഡെയര്ഡെവിള്സിനെതിരേ മികച്ച പ്രകടനവമാണ് സഞ്ജു കാഴ്ച്ചവെച്ചത്. 22 പന്തില് രണ്ടുവീതം സിക്സും ബൗണ്ടറികളും സഹിതം 37 റണ്സ് നേടി. ഇതോടൊപ്പം മറ്റൊരു അപൂര്വ്വ നേട്ടം സ്വന്തമാക്കാനും മലയാളി താരത്തിനായി. ഇന്ത്യന് പ്രീമിയര് ലീഗില് രാജസ്ഥാന് റോയല്സിനായി 1000 റണ്സുകള് സഞ്ജു പൂര്ത്തിയാക്കി.
ആദ്യ മത്സരത്തില് സണ്റൈസേഴ്സ് ഹൈദരാബാദിനെതിരേ 42 പന്തില് 49 റണ്സ് നേടിയിരുന്നു. ഐപിഎല്ലില് 68 മത്സരങ്ങളില് നിന്ന് 1512 റണ്സ് ഇതിനകെ സഞ്ജു നേടിയിട്ടുണ്ട്. ഇന്ത്യന് കുപ്പായത്തില് 2015ല് സിംബാബ്വെക്കെതിരെ ഒരു ടി20 മത്സരം സഞ്ജു കളിച്ചിരുന്നു. മത്സരത്തില് 19 റണ്സായിരുന്നു സഞ്ജുവിന്റെ ബാറ്റില് നിന്ന് പിറന്നത്.


