ട്രോളുകള്‍ക്ക് മറുപടിയുമായി കൊല്‍ക്കത്ത പേസര്‍ വിനയ് കുമാര്‍

ചെന്നൈ: ചെന്നൈക്കെതിരായ തോല്‍വിയുടെ പേരിലുള്ള ട്രോളുകള്‍ക്ക് മറുപടിയുമായി കൊല്‍ക്കത്ത പേസര്‍ വിനയ് കുമാര്‍. അവസാന ഓവറില്‍ ജയിക്കാന്‍ 17 റണ്‍സ് വേണ്ടിയിരുന്ന സമയത്ത് ഒരു നോബോളും വൈഡും എറിഞ്ഞ് വിനയ്കുമാര്‍ കൊല്‍ക്കത്തയുടെ തോല്‍വിക്ക് വഴിയൊരുക്കിയിരുന്നു. പിന്നാലെ വിനയ്കുമാറിനെതിരെ കടുത്ത പരിഹാസമാണ് സോഷ്യല്‍ മീഡിയയിൽ ഉയര്‍ന്നത്.

'വെറും ഒരു മത്സരത്തിലെ തോല്‍വിയുടെ പേരില്‍ ഇത്രയും ബഹളം വയ്ക്കേണ്ട കാര്യമില്ല. ബെംഗളൂരുവിനെതിരെ ഒമ്പത് റണ്‍സും മുംബൈക്കെതിരെ 10 റണ്‍സും അവസാന ഓവറില്‍ താന്‍ പ്രതിരോധിച്ച ചരിത്രമുണ്ട്. ഇപ്പോഴത്തെ വിമര്‍ശകരെ ഒന്നും അന്ന് കണ്ടിട്ടില്ല'- വിനയ്‌കുമാര്‍ പറയുന്നു. ആരാധകര്‍ സംയമനം പാലിക്കണമെന്നും ട്വിറ്ററിലൂടെ വിനയ്കുമാര്‍ ആവശ്യപ്പെട്ടു.

വിനയ് കുമാര്‍ ടീമില്‍ ഉണ്ടായിട്ടും ഐപിഎല്‍ കിരീടം നേടിയ രോഹിത് ശര്‍മ്മയോട് ബഹുമാനം തോന്നുന്നുവെന്നും ചിലര്‍ പരിഹസിച്ചിരുന്നു. സീസണിലെ രണ്ട് മത്സരങ്ങളിലെ നാല് ഓവറില്‍ ഇതുവരെ 65 റണ്‍സാണ് വിനയ്കുമാര്‍ വഴങ്ങിയത്.

Scroll to load tweet…