അവിശ്വസനീയമായിരുന്നു ബിന്നിയെ പുറത്താക്കാന്‍ ഠാക്കൂറെടുത്ത റിട്ടേണ്‍ ക്യാച്ച്

പുനെ: ഐപിഎല്ലില്‍ രാജസ്ഥാനെതിരെ ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായമായിരുന്നു പേസര്‍ ഷാര്‍ദുല്‍ ഠാക്കൂറിന്‍റെ ബൗളിംഗ് പ്രകടനം. മൂന്ന് ഓവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റുകളാണ് മത്സരത്തില്‍ ഠാക്കൂര്‍ വീഴ്ത്തിയത്. ഏഴ് റണ്‍സെടുത്ത ഓപ്പണര്‍ ഹെന്‍റിക് ക്ലാസനെ പുറത്താക്കി ഠാക്കൂറാണ് രാജസ്ഥാന്‍ റോയല്‍സിന്‍റെ വിക്കറ്റ് വീഴ്‌ച്ചയ്ക്ക് തുടക്കമിട്ടത്.

ബൗളിംഗിന് പുറമെ ഫീല്‍ഡിംഗിലും മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ഠാക്കൂറിനായി. രാജസ്ഥാന്‍ റോയല്‍സ് ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയെ പുറത്താക്കാന്‍ ഠാക്കൂറെടുത്ത റിട്ടേണ്‍ ക്യാച്ച് ഇതിനുദാഹരണം. ഠാക്കൂര്‍ എറിഞ്ഞ 16-ാം ഓവറില്‍ വ്യക്തിഗത സ്‌കോര്‍ 10ല്‍ നില്‍ക്കേ ഷോട്ട്പിച്ച് പന്ത് അടിച്ചകറ്റാന്‍ ശ്രമിക്കുകയായിരുന്നു ബിന്നി. എന്നാല്‍ ബാറ്റിലുരസി ഉയര്‍ന്ന പന്ത് ഓടിയെത്തിയ ഠാക്കൂര്‍ അവിശ്വസനീയമായി ഒറ്റകൈയില്‍ പറന്നുപിടിച്ചു.

മത്സരത്തിലെ മികച്ച ക്യാച്ചിനുള്ള പുരസ്കാരം ഠാക്കൂറിന് ലഭിച്ചു. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 204 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗില്‍ രാജസ്ഥാന്‍ 140ന് പുറത്താവുകയായിരുന്നു. തകര്‍പ്പന്‍ സെഞ്ചുറി കണ്ടെത്തിയ ഷെയ്‌ന്‍ വാട്സണും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ഷാര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍, ഡ്വെയ്ന്‍ ബ്രാവോ, കരണ്‍ ശര്‍മ്മ എന്നിവരുമാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് 64 റണ്‍സിന്റെ വിജയം സമ്മാനിച്ചത്. 
ഷാര്‍ദുല്‍ ഠാക്കൂറിന്‍റെ പറക്കും റിട്ടേണ്‍ ക്യാച്ച് കാണാന്‍ ക്ലിക്ക് ചെയ്യുക