ഇറാനി കപ്പില്‍ റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് വസീം ജാഫര്‍

First Published 15, Mar 2018, 5:44 PM IST
Irani Cup Wasim Jaffer Breaks Flurry Of Records
Highlights

250 റണ്‍സ് പിന്നിട്ടതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും ജാഫറിന്റെ പേരിലായി.

മുംബൈ: പ്രായം നാല്‍പതായെങ്കിലും 20കാരന്റെ ചുറുചുറുക്കോടെ ക്രീസില്‍ വന്‍മതിലായി നിന്ന വസീം ജാഫറിന്റെ മികവില്‍ ഇറാനി കപ്പില്‍ റെസ്റ്റ് ഓഫ് ഇന്ത്യക്കെതിരെ വിദര്‍ഭ കൂറ്റന്‍ സ്കോറിലേക്ക്. വസീം ജാഫറിന്റെ ഡബിള്‍ സെഞ്ചുറി മികവില്‍ രണ്ടാം ദിനം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 598 റണ്‍സാണ് വിദര്‍ഭ അടിച്ചു കൂട്ടിയത്. 285 റണ്‍സുമായി മറ്റൊരു ട്രിപ്പിളിനരികെ നില്‍ക്കുന്ന ജാഫറിന് കൂട്ടായി 38 റണ്‍സെടുത്ത അപൂര്‍വ വാംഖഡെയാണ് ക്രീസില്‍.

250 റണ്‍സ് പിന്നിട്ടതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഈ നേട്ടം കൈവരിക്കുന്ന ഏഷ്യയിലെ ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും ജാഫറിന്റെ പേരിലായി. ഇതിനിടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 18000 റണ്‍സെന്ന നാഴികക്കല്ലും ജാഫര്‍ പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് ജാഫര്‍. 25834 റണ്‍സ് നേടിയിട്ടുള്ള സുനില്‍ ഗവാസ്കറാണ് പട്ടികയില്‍ മുന്നിലുള്ളത്. സച്ചിന്‍ (25,396), ദ്രാവിഡ്(23,794), ലക്ഷ്മണ്‍(19,730), വിജയ് ഹസാരെ(18,740) എന്നിവരാണ് റണ്‍ നേട്ടത്തില്‍ ജാഫറിന് മുന്നിലുള്ളത്.

1996-97 സീസണില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറിയ ജാഫര്‍ 18000 റണ്‍സ് തികച്ചതോടെ റണ്‍ നേട്ടത്തില്‍ ദിലീപ് വെംഗ്സര്‍ക്കാര്‍(17868), ഗുണ്ടപ്പ വിശ്വനാഥ്(17970) എന്നിവരെയും മറികടന്നു. ഗുണ്ടപ്പ വിശ്വനാഥിനുശേഷം ഇറാനി ട്രോഫിയില്‍ തുടര്‍ച്ചയായി ആറ് അര്‍ധസെഞ്ചുറികള്‍ നേടുന്ന താരമാകാനും ജാഫറിനായി. ഇറാനി കപ്പിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡും ഇന്ന് ജാഫര്‍ സ്വന്തമാക്കി. 2012-13 സീസണിലെ ഇറാനി കപ്പില്‍ 266 റണ്‍സ് നേടിയിട്ടുള്ള മുരളി വിജയിനെയാണ് ജാഫര്‍ മറികടന്നത്.

loader