ഇന്ത്യ നാലിന് 213
ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്കോര്‍. ടോസ് നഷ്ടപ്പെട്ട ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 213 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ചുറി നേടിയ ലോകേഷ് രാഹുലും സുരേഷ് റെയ്‌നയുമാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. അവസാന ഓവറുകളില്‍ ഹര്‍ദിക് പാണ്ഡ്യ നടത്തിയ വെടിക്കെട്ടും ഇന്ത്യയ്ക്ക് തുണയായി.
ടോസ് നേടിയ അയര്‍ലന്‍ഡ് ഇന്ത്യയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഒമ്പത് റണ്‍സ് മാത്രമെടുത്ത് കോലി മടങ്ങിയെങ്കിലും രാഹുലും റെയ്‌നയും ഇന്ത്യയ്ക്ക് അടിത്തറ പാകി. ഇരുവരും രണ്ടാം വിക്കറ്റില്‍ 106 റണ്‍സെടുത്തു. 13-ാം ഓവറില്‍ രാഹുല്‍ 70 റണ്‍സെടുത്തും രോഹിത് റണ്ണൊന്നുമെടുക്കാതെയും കെവിന്‍ ഒബ്രയാന് വിക്കറ്റ് നല്‍കി. 18-ാം ഓവറിലെ ആദ്യ പന്തില്‍ റെയ്നയെയും(69) ഒബ്രയാന്‍ മടക്കി.
എന്നാല്‍ വാലറ്റത്ത് മനീഷ് പാണ്ഡെയും ഹര്‍ദിക് പാണ്ഡ്യയും ചേര്‍ന്ന് ഇന്ത്യയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചു. ചേസ് എറിഞ്ഞ 18-ാം ഓവറില്‍ രണ്ട് സിക്സടക്കം 18 റണ്‍സ്. കെവിന്‍ ഒബ്രയാന്‍റെ അവസാന ഓവറില്‍ രണ്ട് സിക്സും ഒരു ബൗണ്ടറിയും സഹിതം 21 റണ്‍സും പിറന്നു. പാണ്ഡ്യ ഒമ്പത് പന്തില്‍ 32 റണ്‍സും പാണ്ഡെ 20 പന്തില്‍ 21 റണ്‍സുമെടുത്ത് പുറത്താവാതെ നിന്നു.
