പ്രമുഖ സ്‌പോര്‍ട്‌ ലേഖിക സൈനബ്‌ അബ്ബാസാണ്‌ ചര്‍ച്ചയ്‌ക്ക്‌ തുടക്കമിട്ടത്‌
കായിക പ്രേമികളെ സംബന്ധിച്ചിടുത്തോളം ലോര്ഡ്സ് മൈതാനത്തെ കളി എന്നും ആവേശമാണ്. ക്രിക്കറ്റിനെ ഏറെ സ്നേഹിക്കുന്ന ഇന്ത്യാക്കാരുടെയും പാക്കിസ്ഥാനികളുടെയും കാര്യമാണെങ്കില് പറയുകയും വേണ്ട. ലോര്ഡ്സില് കളിയുണ്ടെങ്കില് ലോകത്തെവിടെനിന്നും ആരാധകര് പാഞ്ഞെത്തും.
ഇംഗ്ലണ്ടും പാക്കിസ്ഥാനും തമ്മിലുള്ള പരമ്പരയിലെ ആദ്യ പോരാട്ടം കഴിഞ്ഞ ദിവസമാണ് അവസാനിച്ചത്. ത്രസിപ്പിക്കുന്ന പ്രകടനം നടത്തിയ പാക്കിസ്ഥാന് ഇംഗ്ലണ്ടിനെ 9 വിക്കറ്റിന് പരാജയപ്പെടുത്തുകയും ചെയ്തു. മത്സരത്തിനിടയില് ഗ്യാലറിയില് നിന്നുള്ള ഒരു ചിത്രമാണ് ഇപ്പോള് ചൂടേറിയ ചര്ച്ച. കളി കാണാനെത്തിയവരില് ഒരാളുടെ വേഷധാരണമാണ് ചര്ച്ചയ്ക്ക് ആധാരമാകുന്നത്.
തുണികൊണ്ട് തലയും മുഖവും മറച്ചയാളുടെ ചിത്രം പങ്കുവച്ചുകൊണ്ട് പ്രമുഖ സ്പോര്ട്സ് ലേഖിക സൈനബ് അബ്ബാസാണ് ചര്ച്ചയ്ക്ക് തുടക്കമിട്ടത്. ബോളിവുഡ് സൂപ്പര് താരം ഇര്ഫാന്ഖാനാണ് തലമറച്ച് കളി കാണാനെത്തിയതെന്ന സംശയം തോന്നുന്ന ചിത്രമാണ് സൈനബ് പുറത്തുവിട്ടത്. ഇര്ഫാന്ഖാന് ലോര്ഡ്സില് കളി ആസ്വദിക്കുന്നുവെന്ന് ട്വീറ്റ് ചെയ്തുകൊണ്ടാണ് ലേഖിക ചിത്രം പുറത്തുവിട്ടിരിക്കുന്നത്.
എന്നാല് ഇര്ഫാനോ അദ്ദേഹത്തോടടുത്ത വൃത്തങ്ങളോ ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകളൊന്നും നടത്തിയിട്ടില്ല. ഇര്ഫാന് ലോര്ഡ്സിലെത്തിയോ എന്ന കാര്യത്തിലും അവര് പ്രതികരണം നടത്തിയിട്ടില്ല. ആരാധകരാകട്ടെ ഇത് ഞങ്ങളുടെ ഇര്ഫാന് തന്നെയാണെന്ന് പറഞ്ഞുകൊണ്ട് ചിത്രം ഏറ്റെടുത്തിട്ടുണ്ട്. ന്യൂറോ എന്ഡ്രോക്രൈന് എന്ന രോഗം പിടിപെട്ട ഇര്ഫാന് ചികിത്സയ്ക്കായി ഇംഗ്ലണ്ടിലാണുള്ളതെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. പ്രിയ താരത്തിന്റെ രോഗാവസ്ഥയ്ക്ക് ശമനമുണ്ടാകണമെന്ന പ്രാര്ത്ഥനയുമായി കഴിയുന്ന ആരാധകരെ സംബന്ധിച്ചിടുത്തോളം ആഹ്ളാദം നല്കുന്ന വാര്ത്തയാണ് ലോര്ഡിസിലെ കളി കാണാന് അദ്ദേഹം എത്തിയെന്നത്.
