ജമ്മു: രഞ്ജി ട്രോഫിയില്‍ ഇര്‍ഫാന്‍ പഠാന്‍ കേരളത്തിനായി കളിക്കാനെത്തുമെന്ന പ്രതീക്ഷകള്‍ക്ക് തിരിച്ചടി. 33കാരനായ ഇര്‍ഫാന്‍ പഠാന്‍ ജമ്മു&കാശ്മീരിനായി കളിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കാശ്മീരില്‍ ക്രിക്കറ്റ് വളര്‍ത്താന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവിനെ ജമ്മു&കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ തലവന്‍ അശിഖ് ഹുസൈന്‍ ബുഖാരിക്കൊപ്പം പഠാന്‍ സന്ദര്‍ശിച്ചത് വാര്‍ത്തകള്‍ ശരിവെക്കുന്നു.
ജനുവരി 24ന് നടക്കുന്ന കാശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ യോഗത്തില്‍ പഠാന്‍റെ ടീം പ്രവേശനം സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും. ബറോഡക്കൊപ്പമുള്ള 17 വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച് മറ്റ് ടീമുകളില്‍ കളിക്കാന്‍ എന്‍ഒസിക്കായി താരം അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ബറോഡ ടീം വിട്ട ഇര്‍ഫാനെ ടീമിലെത്തിക്കാന്‍ കേരളം ശ്രമങ്ങള്‍ നടത്തിയിരുന്നു.
കഴിഞ്ഞ രഞ്ജി സീസണില്‍ ബറോഡയുടെ നായകനായ ഇര്‍ഫാന് രണ്ട് മത്സരങ്ങള്‍ കളിക്കാന്‍ മാത്രമാണ് അവസരം ലഭിച്ചത്. പിന്നാലെ സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ പഠാന് കളിക്കാന്‍ അവസരം ലഭിച്ചില്ല. ഇതോടെ ബറോഡ വിട്ട ഇര്‍ഫാന്‍ പ്രിയ സംസ്ഥാനമായ കേരളത്തിനായി കളിക്കാനെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
