ബറോഡ: മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ കേരള ക്രിക്കറ്റ് ടീമിലേക്കെന്ന് സൂചന. രഞ്ജിയില്‍ അടുത്ത സീസണ്‍ മുതല്‍ ബറോഡ ക്രിക്കറ്റ് ടീമിനായി കളിക്കേണ്ടെന്ന് തീരുമാനിച്ച ഇര്‍ഫാന്‍ മറ്റ് ടീമുകള്‍ക്കായി കളിക്കാന്‍ എന്‍ഒസി ആവശ്യപ്പെട്ടു. ടീം മാറ്റത്തിനായി കേരളം ഉള്‍പ്പെടുന്ന തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളുമായി താരം ചര്‍ച്ചകള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

ഫോമില്ലായ്മയും പരിക്കും മൂലം ദീര്‍ഘകാലമായി ഇന്ത്യന്‍ ടീമിന് പുറത്താണ് ഇര്‍ഫാന്‍ പഠാന്‍. കഴിഞ്ഞ രഞ്ജി സീസണില്‍ ബറോഡയുടെ നായകനായ ഇര്‍ഫാന് രണ്ട് മത്സരങ്ങള്‍ കളിക്കാന്‍ മാത്രമാണ് അവസരം ലഭിച്ചത്. പിന്നാലെ സയിദ് മുഷ്താഖ് അലി ട്രോഫിയിലും പഠാന് കളിക്കാന്‍ അവസരം ലഭിച്ചില്ല. തുടര്‍ന്ന് ബറോഡയില്‍ നിന്ന് മാറാന്‍ ഇര്‍ഫാന്‍ തീരുമാനിക്കുകയായിരുന്നു.

കേരളത്തിനായി കളിക്കാനുള്ള ക്ഷണം ലഭിച്ചാല്‍ താരം ഒഴിവാക്കില്ലെന്നാണ് സൂചന. കേരളത്തിലെ ഗ്രാമീണര്‍ പോലും തന്നെ തിരിച്ചറിഞ്ഞത് അത്ഭുതപ്പെടുത്തിയതായും അവരുടെ സ്നേഹത്തില്‍ അലിഞ്ഞുപോയെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇര്‍ഫാന്‍ മുമ്പ് വെളിപ്പെടുത്തിയിരുന്നു. ബറോഡയ്ക്കായി 17 വര്‍ഷം കളിച്ച ശേഷമാണ് ഇര്‍ഫാന്‍ ടീം വിടുന്നത്.