ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം നല്‍കിയാല്‍, പകരക്കാരനായി ആകാശ് ദീപിനെ പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ അഭിപ്രായപ്പെട്ടു. 

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം നല്‍കിയാല്‍, പകരക്കാരനായി ആകാശ് ദീപിനെ പരിഗണിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ അഭിപ്രായപ്പെട്ടു. മുഹമ്മദ് ഷമിയുണ്ടാക്കുന്ന അതേ സ്വാധീനം ആകാശ് ദീപിനുണ്ടാക്കാന്‍ സാധിക്കുമെന്ന് ഇര്‍ഫാന്‍ വ്യക്തമാക്കി. നാളെയാണ് രണ്ടാം ടെസ്റ്റ് അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ത്തിന് പിന്നിലാണ്. ആദ്യ മത്സരത്തില്‍ മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചെങ്കിലും, ഇന്ത്യ അഞ്ച് വിക്കറ്റിന് പരാജയപ്പെട്ടു.

ബുമ്ര ഒഴികെയുള്ള പേസര്‍മാര്‍ക്കൊന്നും മത്സത്തില്‍ ഒരു ഇംപാക്റ്റ് ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ബുമ്രയ്ക്ക് രണ്ടാം ടെസ്റ്റില്‍ വിശ്രമം നല്‍കുമെന്ന് വാര്‍ത്തകളുണ്ട്. അതിനിടെയാണ് ഇര്‍ഫാന്‍ ആകാശിനെ കുറിച്ച് സംസാരിച്ചത്. മുന്‍ ഇന്ത്യന്‍ പേസറുടെ വാക്കുകള്‍... ''ബുമ്ര ഇല്ലെങ്കില്‍, അദ്ദേഹത്തിന്റെ സ്ഥാനത്ത് ആകാശ് ദീപിനെ കൊണ്ടുവരുന്നത് ടീം മാനേജ്‌മെന്റ് പരിഗണിക്കണം. അദ്ദേഹം നല്ല താളത്തില്‍ പന്തെറിയുന്ന ബൗളറാണ്. ഷമി ഉണ്ടാക്കുന്നത് പോലുള്ള ആഘാതം ആകാശിനും ഉണ്ടാക്കാന്‍ സാധിക്കും. അദ്ദേഹത്തിന്റെ പന്തുകള്‍ ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരെ ബുദ്ധിമുട്ടിച്ചേക്കാം '' ഇര്‍ഫാന്‍ അഭിപ്രായപ്പെട്ടു.

ഇംഗ്ലണ്ടിനെതിരെ ബെര്‍മിംഗ്ഹാമില്‍ ഇന്ത്യ രണ്ടാം ടെസ്റ്റിന് ഇറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ജസ്പ്രിത് ബുമ്രയിലേക്ക്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ മൂന്ന് മത്സരത്തില്‍ മൂന്ന് ടെസ്റ്റുകളില്‍ മാത്രം കളിക്കൂവെന്ന് പരിശീലകന്‍ ഗൗതം ഗംഭീര്‍ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. തുടര്‍ച്ചയായി പന്തെറിഞ്ഞ് പരിക്കേല്‍ക്കാതിരിക്കാനാണ് ബുമ്രയെ മാറ്റിനിര്‍ത്തുന്നത്. അദ്ദേഹം കളിക്കില്ലെന്ന് ആദ്യം വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് കളിക്കുമെന്നുള്ള വാര്‍ത്തകളുമെത്തി.

ബെര്‍മിംഗ്ഹാമില്‍ പരിശീലനത്തില്‍ സജീവമായ ബുമ്ര മത്സരത്തിന് സജ്ജനാണെന്നും കളിക്കുന്ന കാര്യത്തില്‍ അവസാന നിമിഷമേ തീരുമാനമെടുക്കൂ എന്നും ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷറ്റ് പറഞ്ഞു. ബുമ്രയ്ക്ക് വിശ്രമം നല്‍കിയാല്‍ ഇന്ത്യ അര്‍ഷ്ദീപ് സിംഗിന് അരങ്ങേറ്റത്തിന് അവസരമൊരുങ്ങാനും സാധ്യതയുണ്ട്. രവീന്ദ്ര ജഡേജയ്ക്കൊപ്പം രണ്ടാം സ്പിന്നറെ കളിപ്പിക്കാനും ആലോചനയുണ്ട്. ഇങ്ങനെയെങ്കില്‍ ഷാര്‍ദുല്‍ താക്കൂറിന് പകരം വാഷിംഗ്ടണ്‍ സുന്ദറോ കുല്‍ദീപ് യാദവോ ടീമിലെത്തും.

YouTube video player