ബറോഡ: ഭാര്യയുടെ മുഖം മറയ്ക്കാത്ത ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനെതിരെ സൈബര്‍ ആങ്ങളമാര്‍. ഭാര്യ സഫ ബെയ്ഗിന്റെ മുഖം മറയ്ക്കാത്ത ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് പത്താനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രചാരണം നടക്കുന്നത്.
പത്താന്റ നടപടി തികച്ചും അനിസ്ലാമികമാണെന്നാണ് ഇവരുടെ വാദം. ഒരു മുസ്ലീമായിട്ടും പത്താനായിട്ടും ഭാര്യയുടെ മുഖം മറയ്ക്കണമെന്ന് ഇര്‍ഫാനറിയില്ലെ എന്നാണ് ആരാധകരുടെ ചോദ്യം. മുസ്ലീങ്ങള്‍ തങ്ങളുടെ കുടുബാംഗങ്ങളുടെ ചിത്രങ്ങള്‍ ഇത്തരത്തില്‍ പ്രദര്‍ശിപ്പിക്കരുടെന്ന് മറ്റൊരു ആരാധകന്‍ പത്താനെ ഉപദേശിച്ചു. മലയാളത്തിലും പത്താന് ഉപദേശം നല്‍കിയവരുണ്ട്. ഔറത് ശെരിക്കും മറക്കാതെ നൈൽപോളിഷും ഇട്ടോണ്ട് നടക്കുന്ന പെണ്ണേ അനക്ക് മരിക്കണ്ടേ എന്നാണ് ചിത്രത്തിന് താഴെ കമന്റായി ഒരാള്‍ മലയാളത്തില്‍ ചോദിച്ചിരിക്കുന്നത്. ഇതുവരെ മൂവായിരത്തിലധികം പേര്‍ ഷെയര്‍ ചെയ്ത ചിത്രത്തിന് താഴെയായി എട്ടായിരത്തി അഞ്ഞൂറോളം കമന്റുകളുമുണ്ട്.
ഫെബ്രുവരിയിലാണ് ഇര്‍ഫാന്‍ സഫ ബെയ്ഗിനെ വിവാഹം കഴിച്ചത്. ഡിസംബറില്‍ പത്താന് ആണ്‍കുഞ്ഞ് പിറന്നിരുന്നു. പരിക്കും ഫോമില്ലായ്മയും മൂലം ഇന്ത്യന്‍ ടീമില്‍ നിന്ന് ഏറെക്കാലമായി പുറത്താണ് പത്താന്‍. ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സ് താരമായിരുന്നെങ്കിലും കാര്യമായ അവസരങ്ങള്‍ ലഭിച്ചിരുന്നില്ല.
