ദില്ലി: ഇന്ത്യന്‍ സ്‌പിന്നര്‍മാരായ യുസ്‌വേന്ദ്ര ചഹലും കുല്‍ദീപ് യാദവും പരിമിത ഓവര്‍ ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് അടുത്തിടെ പുറത്തെടുക്കുന്നത്. ഇതോടെ അസ്തമിക്കുന്നത് ടീമില്‍ തിരിച്ചെത്താമെന്ന ആര്‍ അശ്വിന്‍റെയും രവീന്ദ്ര ജഡേജയുടെ പ്രതീക്ഷകളാണ്. നാളുകളായി പരിമിത ഓവര്‍ ക്രിക്കറ്റില്‍ ടീമിന് പുറത്താണ് ഇരുവരുടെയും സ്ഥാനം. ഇതില്‍ കൂടുതല്‍ പ്രതിരോധത്തിലാകുന്നത് ഓള്‍ റൗണ്ടര്‍ ജഡേജയാണെന്ന് കണക്കുകള്‍ പറയുന്നു.
വിജയ് ഹസാരെ ട്രോഫിയില്‍ ദയനീയ പ്രകടനമാണ് ബൗളുകൊണ്ടും ബാറ്റുകൊണ്ടും ജഡേജ കാഴ്ച്ചവെക്കുന്നത്. അവസാനമെറിഞ്ഞ 39 ഓവറുകളില്‍ വിക്കറ്റുകളൊന്നും സ്വന്തമാക്കാന്‍ ജഡേജയ്ക്ക് സാധിച്ചില്ല. ചത്തീസ്ഗണ്ഡിനെതിരെ നടന്ന മത്സരത്തില്‍ 10 ഓവറുകള്‍ എറിഞ്ഞെങ്കിലും വിക്കറ്റ് വരള്‍ച്ചയ്ക്ക് പരിഹാരമുണ്ടായില്ല. 29 പന്തുകള്‍ ബാറ്റേന്തിയ താരം ഒരു ബൗണ്ടറി പോലും നേടാതെയാണ് ഇന്നിംഗ്സ് അവസാനിപ്പിച്ചത്.
അതേസമയം ഐപിഎല്ലില്‍ ഫോമിലല്ലായിരുന്നിട്ടും ജഡേജയെ ചെന്നൈ സൂപ്പര്‍ കിംഗ്സ് നിലനിര്‍ത്തിയിരുന്നു. നിലവിലെ ഫോമില്‍ അസാമാന്യ പ്രകടനം പുറത്തെടുക്കാതെ ജഡേയക്ക് ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താനാവില്ല എന്നുറപ്പാണ്. അതിനാല്‍ ജഡേയുടെ കരിയറില്‍ വളരെ നിര്‍ണായകമായിരിക്കും വരുന്ന ഐപിഎല്‍ സീസണ്‍.
