ഐഎസ്എൽ നാലാം പതിപ്പിന് ഇന്ന് കൊച്ചിയിൽ തുടക്കം. കേരള ബ്ലാസ്റ്റേഴ്‍സ് ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്തയെ നേരിടും.
കഴിഞ്ഞ വർഷം നിർത്തിയേടത്തു നിന്നാണ് ഐഎസ്എല്ലിന്റെ നാലാം സീസണ് തുടക്കമാവുന്നത്. പുതിയ കോച്ചും കളിക്കാരും തന്ത്രങ്ങളുമായി കേരള ബ്ലാസ്റ്റേഴ്‍സും എടികെർയും നേർക്കുനേർ. റെനി മ്യൂളൻസ്റ്റീന്റെ തന്ത്രങ്ങളുമായി ഇറങ്ങുന്ന മഞ്ഞപ്പടയ്‍ക്ക് കരുത്തായി ദിമിത്താർ ബെർബറ്റോവ്, വെസ് ബ്രൗൺ, കറേജ് പെകൂസൻ , അരാത്ത ഇസൂമി, ജാക്കി ചന്ദ് സിംഗ് തുടങ്ങിയ പുതുനിര. രണ്ടു വർഷത്തെ ഇടവേളയ്‍ക്ക് ശേഷം കൊൽക്കത്ത വിട്ട് തിരിച്ചെത്തുന്ന ആരാധകരുടെ സ്വന്തം ഇയാൻ ഹ്യൂം. പിൻനിരയിലാണെങ്കിലും മുന്നിൽ നിന്ന് നയിക്കാൻ സന്ദേശ് ജിങ്കാൻ. മലയാളിപ്പെരുമ കാത്ത് സി കെ വിനീതും റിനോ ആന്റോയും അജിത് ശിവനും കെ പ്രശാന്തും. മുൻ സീസണുകളെക്കാൾ സന്തുലിത ടീം.
അത്‍ലറ്റിക്കോയുമായുള്ള സഹകരണം അവസാനിപ്പിച്ച് അമർ തൊമർ കൊൽക്കത്തയെന്ന പേരിലാണ് ചാമ്പ്യൻമാർ ഇറങ്ങുന്നത്. സ്റ്റാർ സ്ട്രൈക്കർ റോബീ കീൻ, കാൾ ബേക്കർ, ജയേഷ് റാണെ എന്നിവർ പരുക്കിന്റെ പിടിയിലാണെങ്കിലും എടികെ പോരിന് സജ്ജമെന്ന് കോച്ച് ടെഡി ഷെറിംഗ്ഷാം.
ബെർബറ്റോവും ഹ്യൂമും വിനീതും നയിക്കുന്ന ഗോളാക്രമണങ്ങൾക്കൊപ്പം ബ്ലാസ്റ്റേഴ്‍സ് ആരാധകരുടെ നിലയ്‍ക്കാത്ത ആരവവും എടികെയ്‍ക്ക് കനത്ത വെല്ലുവിളിയാവും.
