ഐഎസ്എൽ ഉദ്ഘാടന മത്സരത്തിലെ ടിക്കറ്റ് വിൽപ്പനയെച്ചൊല്ലി കൊച്ചി കലൂർ സ്റ്റേഡിയത്തിൽ സംഘർഷം. സ്റ്റേഡിയത്തിൽ ടിക്കറ്റ് വിൽപ്പനയില്ലെന്ന സംഘാടകരുടെ നിലപാടാണ് ആരാധകരെ ചൊടിപ്പിച്ചത്. എന്നാൽ മത്സരത്തിന്‍റെ ടിക്കറ്റെല്ലാം വിറ്റഴിഞ്ഞെന്നാണ് സംഘാടകർ പറയുന്നത്.
സ്എൽ മത്സരങ്ങളുടെ ടിക്കറ്റുകൾ വേദിയായ കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വിൽക്കുന്ന പതിവുണ്ടായിരുന്നു. ഫിഫ അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളുടെ ടിക്കറ്റുകളും ഇതുപോലെ വിറ്റിരുന്നു. സമാനമായി ഐഎസ്എൽ മത്സരങ്ങളുടെ ടിക്കറ്റുകൾ ഇന്ന് സ്റ്റേഡിയത്തിൽ വിൽക്കുമെന്ന് നവമാധ്യങ്ങളിൽ വാർത്ത പരന്നതോടെ പുലർച്ചെ മുതൽ ആരാധകർ സ്റ്റേഡിയത്തിലേക്കെത്തി.
മണിക്കൂറുകൾ കാത്ത് നിന്നിട്ടും ടിക്കറ്റ് ലഭിക്കാതായതോടെ ആരാധകർ സ്റ്റേഡിയത്തിലെ ഐഎസ്എൽ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. ഇതോടെ സംഘാടകർ ആരാധകരുമായി ചർച്ചയ്‍ക്കു തയ്യാറായി.
വെള്ളിയാഴ്ചത്തെ കേരള ബ്ലാസ്റ്റേഴ്സ്-അത്‍ലറ്റികോ ഡി കൊൽക്കത്ത മത്സരത്തിനായി 39,000 സീറ്റുകളാണ് കലൂർ സ്റ്റേഡിയത്തിൽ സജ്ജമാക്കിയിരിക്കുന്നത്. ഇതിൽ 174 ടിക്കറ്റുകൾ ഒഴിച്ചുള്ളവ വിറ്റഴിഞ്ഞെന്നാണ് സംഘാടകരുടെ ഭാഷ്യം.
