കൊച്ചി: മുന്‍ ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ റെനെ മ്യൂലസ്റ്റീന്‍റെ വിവാദ പരാമര്‍ശങ്ങളില്‍ നായകന്‍ സന്ദേശ് ജിംഗാന് പിന്തുണയുമായി മലയാളി താരം സി.കെ വിനീത്. ജിംഗാന്‍ മദ്യപാനിയാണെന്ന റെനെയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് വിനീത് പറഞ്ഞു. ഗോവയ്ക്കെതിരെ ഗോള്‍ നേടിയപ്പോള്‍ റിനോ ആന്‍റോയ്ക്കൊപ്പം നടത്തിയ ആഹ്ലാദ പ്രകടനം ജിംഗാനുള്ള പിന്തുണയാണ്. 

Add Asianetnews as a Preferred SourcegooglePreferred

നാളെ വിശദമായി റെനെ മ്യൂലസ്റ്റീന് മറുപടി നല്‍കുമെന്നും മഞ്ഞപ്പടയുടെ സൂപ്പര്‍താരം വ്യക്തമാക്കി. സന്ദേശ് ജിംഗാന്‍ പ്രഫഷണലിസമില്ലാത്ത താരമാണെന്നായിരുന്നു ക്ലബ് വിട്ട റെനെയുടെ വിമര്‍ശനം. ഗോവയോട് രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്ക് തോറ്റിട്ടും ജിംഗാന്‍ നൈറ്റ് പാര്‍ട്ടിയില്‍ പോയി വെളുപ്പിന് നാല് മണിവരെ മദ്യപിച്ചതായി റെനെ കുറ്റപ്പെടുത്തിയിരുന്നു. 

ബെംഗളുരുവിനെതിരായ മത്സരം വിജയിക്കാന്‍ താരങ്ങള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു. ഇന്ത്യയിലെ വലിയ പ്രഫഷണല്‍ എന്നാണ് ജിംഗാന്‍റെ വിശ്വസമെങ്കില്‍ താനങ്ങനെ കരുതുന്നില്ലെന്നും റെനെ അഭിപ്രായപ്പെട്ടിരുന്നു. സി.കെ വിനീത് പിന്തുണ പ്രഖ്യാപിച്ചതോടെ ആരാധകര്‍ക്കൊപ്പം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളും സന്ദേശ് ജിംഗാന് ഒപ്പമുണ്ടെന്നാണ് വ്യക്തമാകുന്നത്.