ദില്ലി: ഡേവിഡ് ജെയിംസിന് കീഴില്‍ ആദ്യ എവേ മത്സരത്തിന് ഇറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. പുനെ സിറ്റി എഫ്‌സിക്കെതിരെ അവസാന മത്സരത്തില്‍ സമനില നേടി പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നു മഞ്ഞപ്പട. ദില്ലിയില്‍ ഡല്‍ഹി ഡൈനാമോസിനെ നേരിടുമ്പോള്‍ മലയാളി താരം സികെ വിനീത് ആദ്യ ഇലവനില്‍ കളിച്ചേക്കും എന്നാണ് സൂചന. ബ്ലാസ്റ്റേഴ്സ് സീസണില്‍ നേടിയ ഏക ജയം വിനീതിന്‍റെ മിന്നും ഗോളിലൂടെ ആയിരുന്നു.
പരിക്ക് മൂലം പുനെ സിറ്റക്കെതിരായ മത്സരത്തില്‍ കളിക്കാതിരുന്ന സി.കെ വിനീത് തിരിച്ചെത്തുന്നത് ബ്ലാസ്റ്റേഴ്സിന്‍റെ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. മുന്നേറ്റ നിരയില്‍ ഇയാന്‍ ഹ്യൂമിന് പകരം സികെ വിനീതിനെ ഡേവിഡ് ജെയിംസ് ഇറക്കാനാണ് സാധ്യത. സിഫ്‌നോസ്, കിസിറ്റോ, വിനീത് ത്രിമൂര്‍ത്തികളാകും മുന്നേറ്റ നിരയില്‍ കളിക്കാന്‍ സാധ്യത.
സൂപ്പര്‍താരം ദിമിത്താര്‍ ബെര്‍ബറ്റോവിന്‍റെ സ്ഥാനം പകരക്കാരുടെ നിരയിലാകും. കഴിഞ്ഞ മത്സരത്തില്‍ ബെര്‍ബറ്റോവിന് പകരമെത്തിയ കിസിറ്റോ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു. മികച്ച വേഗവും സ്‌കില്ലുമുള്ള കിസിറ്റോയ്ക്കൊപ്പം വിനീതും സിഫ്‌നോസും ചേരുമ്പോള്‍ ബ്ലാസ്റ്റേഴ്സിന്‍റെ ആക്രമണത്തിന് മൂര്‍ച്ച കൂടും. അതേസമയം സസ്‌പെന്‍ഷനിലായിരുന്ന പ്രതിരോധ താരം നെമഞ്ച പെസിച്ചും ഇന്ന് കളത്തിലിറങ്ങിയേക്കും.
