കൊച്ചി: കേരള ബ്ലാസ്‌റ്റേഴ്‌സ് നായകന്‍ സന്ദേശ് ജിംഗാന് പിന്തുണയുമായി പരിശീലകന്‍ ഡേവിഡ് ജെയിംസ്. പ്രതിരോധതാരം എന്ന നിലയില്‍ ജിംഗാന്‍റെ പ്രകടനത്തില്‍ താന്‍ അതീവ സംതൃപ്തനാണെന്ന് ജെയിംസ് വെളിപ്പെടുത്തി. നേരത്തെ ജിംഗാനെതിരെ കടുത്ത ആരാപണങ്ങളുമായി ക്ലബ് വിട്ട മുന്‍ പരിശീലകന്‍ റെനെ മ്യൂലസ്റ്റീന്‍ രംഗത്തെത്തിയിരുന്നു. 

പ്രഫഷണലിസമില്ലെന്നും എവേ മത്സരത്തില്‍ ഗോവയോടേറ്റ 5-2ന്‍റെ തോല്‍വിയ്ക്ക് ശേഷം ജിംഗാന്‍ വെളുപ്പിന് നാല് മണിവരെ മദ്യപിച്ചെന്നുമായിരുന്നു റെനെയുടെ ആരോപണം. കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കുന്നവര്‍ അവരുടെ ആരോഗ്യം കാത്തുസൂക്ഷിക്കുമെന്നാണ് പ്രതീക്ഷ. മദ്യപിക്കരുതെന്ന് ആരെയും ഉപദേശിക്കാറില്ലെന്നും കളിക്കാരില്‍ പൂര്‍ണവിശ്വാസമാണെന്നും പരിശീലകന്‍ വ്യക്തമാക്കി. 

റെനെയുടെ ആരോപണത്തെ കുറിച്ച് ജിംഗാനുമായി സംസാരിച്ചിരുന്നു. ഗോവയ്‌ക്കെതിരെ താന്‍ പ്രതീക്ഷിച്ച രീതിയില്‍ ജിംഗാന്‍ നായകന്‍റെ കളി പുറത്തെടുത്തു. ടീമിനായി ആത്മാര്‍ത്ഥതയോടെ കളിക്കുന്ന താരമാണ് ജിംഗാനെന്നും ഡേവിഡ് ജെയിംസ് കൂട്ടിച്ചേര്‍ത്തു. നേരത്തെ ജിംഗാന് പിന്തുണയുമായി ടീമിലെ മലയാളി താരം സി.കെ വിനീത് രംഗത്തെത്തിയിരുന്നു.