ദില്ലി: ഐഎസ്എല്ലില്‍ കരുത്തരായ ചെന്നൈയിന്‍ എഫ്‌സിയെ സമനിലയില്‍ തളച്ച് ഡല്‍ഹി ഡൈനമോസ്. ദില്ലിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിയുകയായിരുന്നു. ചെന്നൈയ്ക്കായി ജെജെ ലാല്‍പെകുല രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ ഡേവിഡും ഫെര്‍ണാണ്ടസുമാണ് ഡല്‍ഹിക്കായി ലക്ഷ്യം കണ്ടത്. 

മത്സരത്തിന്‍റെ 24-ാം മിനുറ്റില്‍ ഡേവിഡിലൂടെ ഡല്‍ഹി ആദ്യം മുന്നിലെത്തിയെങ്കിലും 42-ാം മിനുറ്റില്‍ ജെജെയിലൂടെ ചെന്നൈ ഒപ്പത്തിനൊപ്പമെത്തി. രണ്ടാം പകുതിയിയുടെ 51-ാം മിനുറ്റില്‍ വീണ്ടും വലകുലുക്കി ജെജെ ചെന്നൈയിന്‍ വിജയിക്കുമെന്ന് ഉറപ്പിച്ചു. എന്നാല്‍ മത്സരം തീരാന്‍ സെക്കന്‍റുകള്‍ ബാക്കിനില്‍ക്കേ ഫെര്‍ണാണ്ടസിന്‍റെ ഗോള്‍ ചെന്നൈയുടെ പ്രതീക്ഷകള്‍ തകര്‍ക്കുകയായിരുന്നു. 

ജയത്തോടെ ഒമ്പത് കളികളില്‍ 17 പോയിന്‍റുമായി ചെന്നൈയിന്‍ എഫ്‌സി ഒന്നാം സ്ഥാനത്തെത്തി. എട്ട് കളികളില്‍ നാല് പോയിന്‍റ് മാത്രമുള്ള ഡല്‍ഹി പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. തുടര്‍ച്ചയായ ആറ് തോല്‍വിക്ക് ശേഷമാണ് ലീഗില്‍ ഏറ്റവും പിന്നിലുള്ള ഡല്‍ഹി സമനില കണ്ടെത്തിയത്.