കൊച്ചി: ഇന്ത്യന്‍ ഫുട്ബോളിലെ അത്ഭുത ബാലന്‍ കൊമാല്‍ തത്താലിനായി വലവിരിച്ച് മഞ്ഞപ്പട. അണ്ടര്‍ 17 ലോകകപ്പ് ഹീറോയെ ടീമിലെത്തിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ചര്‍ച്ച ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കൊമാല്‍ തത്താലിനെ ടീമിലെത്തിച്ചാല്‍ മുന്നേറ്റനിരയില്‍ ബ്ലാസ്റ്റേഴ്സിന് മുതല്‍ക്കൂട്ടാകും. കൗമാര ലോകകകപ്പിലെ മികച്ച പ്രകടനത്തിലൂടെ ഫുട്ബോള്‍ ലോകത്തിന്‍റെ കയ്യടി നേടിയ താരമാണ് സിക്കിം സ്വദേശിയായ കൊമാല്‍ തത്താല്‍.
കൊമാല്‍ തത്താലുമായി ഐഎസ്എല്‍ ക്ലബുകളായ എടികെ കൊല്‍ക്കത്തയും പൂനെ എഫ്‌സി താരവുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഐഎസ്എല്ലിലെ പേരും പെരുമയും ബ്ലാസ്റ്റേഴ്‌സിലേക്ക് താരത്തെ അടുപ്പിക്കും എന്ന് വിലയിരുത്തപ്പെടുന്നു. അതേസമയം കൊമാല്‍ തത്താലിനായി രംഗത്തുണ്ടായിരുന്ന ടര്‍ക്കീഷ് ക്ലബ് അവസാന നിമിഷം പിന്‍വാങ്ങിയെന്നാണ് വിവരം.
ഉദ്ഘാടന മത്സരത്തില്‍ മികച്ച ഫോമില്‍ കളിച്ച താരത്തെ പിന്നീടുള്ള രണ്ട് മത്സരങ്ങളില്‍ നിന്ന് പരിശീലകന്‍ നോര്‍ത്തോണ്‍ മാറ്റോസ് പിന്‍വലിച്ചിരുന്നു. നേരത്തെ വലിയ ഓഫറുകളുമായി ഐ ലീഗ് ക്ലബ് മിനര്‍വ പഞ്ചാബ് എഫ്‌സിയും താരത്തെ സമീപിച്ചിരുന്നു. അതേസമയം വാര്‍ത്തയില്‍ വിശദീകരണവുമായി ബ്ലാസ്റ്റേഴ്സ് രംഗത്തെത്തിയിട്ടില്ല.
