ദില്ലി: തണുത്തുറഞ്ഞ ദില്ലിയിലെ ചൂടന്‍ പോരാട്ടത്തില്‍ ഹ്യൂമേട്ടന്‍ രൗദ്രഭാവം കാട്ടിയപ്പോള്‍ കേരള ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം. ഡല്‍ഹി ഡൈനമോസിനെ അവരുടെ തട്ടകത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ബ്ലാസ്റ്റേഴ്സ് സീസണിലെ രണ്ടാം ജയം സ്വന്തമാക്കി. 12, 78, 83 മിനുറ്റുകളിലായിരുന്നു ഹ്യൂമേട്ടന്‍റെ തകര്‍പ്പന്‍ ഗോളുകള്‍. ഐഎസ്എല്‍ ചരിത്രത്തില്‍ തന്‍റെ മൂന്നാമത്തെ ഹാട്രിക്കാണ് ഹ്യൂം ദില്ലിയില്‍ നേടിയത്. ഇതോടെ ഐഎസ്എല്ലില്‍ ഇയാന്‍ ഹ്യൂമിന്‍റെ ഗോള്‍ നേട്ടം 26ലെത്തി. 

ഡൈനമോസിനെ അവരുടെ തട്ടകത്തില്‍ ഞെട്ടിച്ച് 12-ാം മിനുറ്റില്‍ ഹ്യൂമേട്ടന്‍റെ ആദ്യ ഗോള്‍ പിറന്നു. ഇടത് വിങ്ങിലൂടെ മുന്നേറിയ കറേജ് പെക്കുസന്‍റെ നീക്കമാണ് മനോഹര ഗോളിന് വഴിതുറന്നത്. എന്നാല്‍ രണ്ടും മൂന്നും ഗോളുകള്‍ ഹ്യൂമിന്‍റെ വ്യക്തിഗത മികവ് വെളിവാക്കുന്നതായി. 44-ാം മിനുറ്റില്‍ റോമിയോ ഫെര്‍ണാണ്ടസിന്‍റെ ഫ്രീകിക്കിന് തലവെച്ച ഇന്ത്യന്‍ ഇന്‍റര്‍നാഷണല്‍ പ്രീതം കോട്ടാല്‍ ഡല്‍ഹിക്ക് സമനില നേടിക്കൊടുത്തു. അതോടെ ആദ്യ പകുതിയില്‍ ഓരോ ഗോളുകളടിച്ച് ഇരുടീമും സമനിലയില്‍ പിരിഞ്ഞു.

രണ്ടാം പകുതിയില്‍ പുനെക്കെതിരായ മത്സരത്തിലെ ഓര്‍മ്മകളുണര്‍ത്തി ഉണര്‍ന്ന് കളിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെയാണ് കണ്ടത്. 78-ാം മിനുറ്റില്‍ പൗളീഞ്ഞോയെയും റോഡ്രിഗസിനെയും കബളിപ്പിച്ച് ഹ്യൂമേട്ടന്‍ നടത്തിയ ഒറ്റയാന്‍ മുന്നേറ്റം മിന്നും ഗോളായി മാറി. അതിവേഗം മുന്നേറിയ ഹ്യും ഡൈനമോസ് നിരയെ കബളിപ്പിച്ച് വലകുലുക്കിയതോടെ കേരളം മുന്നിലെത്തി 2-1. 83-ാം മിനുറ്റില്‍ കറേജ് പെക്കൂസണ്‍-ഹ്യൂം സഖ്യം വീണ്ടും ഒന്നിച്ചതോടെ ബ്ലാസ്റ്റേഴ്സിന്‍റെ മൂന്നാം ഗോളും ഹ്യൂമേട്ടന്‍റെ ഹാട്രിക്കും പിറന്നു. 

ആദ്യ പകുതി സമനിലയിലായപ്പോള്‍ രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്സ് തിരിച്ചുവരവിലൂടെ വ്യക്തമായ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. ഡല്‍ഹി ഡൈനമോസിന്‍റെ ഗോള്‍ കീപ്പര്‍ സാബിയറിന് മത്സരമധ്യേ പരിക്കേറ്റ് പുറത്തുപോകേണ്ടി വന്നു. ജയത്തോടെ രണ്ട് സ്ഥാനം മുന്നോട്ട് കയറി ആറാം സ്ഥാനത്തെത്താന്‍ ബ്ലാസ്റ്റേഴ്സിനായി. ആദ്യ ഇലവനില്‍ ഇയാന്‍ ഹ്യൂമിനെ കളിപ്പിച്ച ഡേവിഡ് ജെയിംസിന്‍റെ തീരുമാനം ശരിവെക്കുന്നതായി ഹാട്രിക് പ്രകടനം.