കൊച്ചി: സ്വന്തം തട്ടകത്തില്‍ പ്രതാപത്തിലേക്ക് തിരിച്ചെത്തി കേരള ബ്ലാസ്റ്റേഴ്സ്. ആദ്യ പകുതിയില്‍ മലയാളി താരം സി.കെ വിനീതാണ് ബ്ലാസ്റ്റേഴ്സിന്‍റെ വിജയ ഗോള്‍ നേടിയത്. 23-ാം മിനുറ്റില്‍ റിനോ ആന്‍റോയുടെ മനോഹര ക്രോസില്‍ നിന്ന് ലോകോത്തര ഹെഡറിലൂടെയായിരുന്നു വിനീതിന്‍റെ മിന്നും ഗോള്‍. കേരള ബ്ലാസ്റ്റേഴ്സ് വേഗവും കരുത്തും തെളിയിച്ചപ്പോള്‍ മത്സരം ഏറെക്കുറെ മഞ്ഞപ്പടയുടെ കയ്യിലായി.

കൊച്ചിയില്‍ ഐഎസ്എല്‍ അരങ്ങേറ്റം ഉത്സവമാക്കിയ വെസ് ബ്രൗണാണ് കളിയിലെ താരം. വടക്ക് - കിഴക്കന്‍ താരങ്ങളുടെ കരുത്തുമായെത്തിയ നോര്‍ത്ത് - ഈസ്റ്റ് യുണൈറ്റഡാണ് ആദ്യം ആക്രമിച്ച് കളിക്കാന്‍ തുടങ്ങിയത്. എന്നാല്‍ വിനീതിന്‍റെ ഗോളോടെ മൈതാനത്ത് പന്തിന്‍റെ നിയന്ത്രണം ബ്ലാസ്റ്റേഴ്സ് ഏറ്റെടുത്തു. സി.കെ വിനീതും മാര്‍ക് സിഫ്നോസും പെക്കൂസണും നോര്‍ത്ത് ഈസ്റ്റ് മുഖത്ത് തുടര്‍ച്ചയായി ആക്രമണം അഴിച്ചുവിട്ടു.

മഞ്ഞപ്പടയുടെ വടക്ക് - കിഴക്കന്‍ കരുത്തായ ജാക്കിചന്ദ് സിംഗും ലാല്‍രുത്താരയും കൂടി ആക്രമിച്ചതോടെ നോര്‍ത്ത് - ഈസ്റ്റ് പ്രതിരോധത്തിന് വിശ്രമമില്ലാതായി. 42-ാം മിനുറ്റില്‍ മാര്‍ക് സിഫ്നോസിനെ വീഴ്ത്തിയതിന് നോര്‍ത്ത് ഈസ്റ്റിന്‍റെ മലയാളി ഗോളി ടി പി രഹനേഷ് റെഡ് കാര്‍ഡ് കണ്ട് പുറത്തായി. പിന്നീട് ഒരു താരത്തെ പിന്‍വലിച്ച് പത്ത് പേരുമായാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ആദ്യ പകുതി പൂര്‍ത്തിയാക്കിയത്. 

ഇടയ്ക്കിടക്ക് അപകടകരമായ നീക്കങ്ങളുമായി നോര്‍ത്ത് - ഈസ്റ്റ് താരങ്ങള്‍ ബ്ലാസറ്റേഴ്സ് ഗോള്‍മുഖത്തെത്തി. എന്നാല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‍റെ ഇതിഹാസ താരം വെസ് ബ്രൗണും സംഘവും നോര്‍ത്ത്- ഈസ്റ്റ് മുന്നേറ്റത്തെ പിടിച്ചുകെട്ടി. നായകന്‍ സന്തോഷ് ജിങ്കന്‍റെയും മലയാളി താരം റിനോ ആന്‍റോയുടെയും മികച്ച ക്ലിയറന്‍സ് കൂടിയായപ്പോള്‍ ആദ്യം ജയം നേടി ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലില്‍ തിരിച്ചെത്തി.

Scroll to load tweet…