ദില്ലി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ 12-ാമത്തെ താരമെന്നാണ് മഞ്ഞപ്പട ഫാന്‍സിനുള്ള വിശേഷണം. എതിരാളികളുടെ മുട്ടിടിപ്പിക്കുന്ന ബ്ലാസ്റ്റേഴ്സിന്‍റെ കരുത്താണ് ആരാധകക്കൂട്ടം. മുന്‍ മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സ് നിരാശപ്പെടുത്തിയിട്ടും ആരാധകര്‍ ടീമിനെ കൈവിട്ടില്ല. ഡല്‍ഹി ഡൈനമോസിനെതിരായ മത്സരത്തിനായി ദില്ലിയിലെത്തിയ മഞ്ഞപ്പടയ്ക്ക് അത് വ്യക്തമായിരുന്നു. കൊടുംശൈത്യം വകവെക്കാതെ നൂറുകണക്കിന് ആരാധകരാണ് ടീമിനെ നഗരത്തില്‍ സ്വീകരിക്കാനെത്തിയത്. 

മഞ്ഞപ്പട ആരാധകരുടെ സ്നേഹത്തിന് ഡേവിഡ് ജെയിംസും സംഘവും തകര്‍പ്പന്‍ വിജയത്തിലൂടെയാണ് മറുപടി സമ്മാനിച്ചത്. ഡല്‍ഹി ഡൈനമോസിനെ അവരുടെ തട്ടകത്തില്‍ 3-1ന് ചാമ്പലാക്കുകയായിരുന്നു ബ്ലാസ്റ്റേഴ്സ്. എന്നാല്‍ ദില്ലിയില്‍ തകര്‍പ്പന്‍ വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്സ് വിജയം ആഘോഷിച്ചത് കാണികള്‍ക്കൊപ്പമാണ്. എവേ മാച്ചില്‍ ബ്ലാസ്റ്റേഴ്സ് ആരാധകര്‍ ടീമിന് നല്‍കുന്ന പിന്തുണയും ടീമിന്‍റെ കടപ്പാടും വ്യക്തമാക്കുന്നതായി ആഘോഷ ദൃശ്യങ്ങള്‍.