കൊച്ചി: ഐഎസ്എല്‍ നാലാം സീസണില്‍ ഉഗാണ്ടന്‍ ഇന്‍റര്‍നാഷണല്‍ കിസിറ്റോ കെസിറോണ്‍ കേരള ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് റിപ്പോര്‍ട്ട്. ടീമിനൊപ്പം ചേരാന്‍ അറ്റാക്കിംഗ് മിഡ് ഫീല്‍ഡറായ കിസിറ്റോ കൊച്ചിയിലെത്തിയെന്നാണ് സൂചന. ബ്ലാസ്റ്റേഴ്സുമായി കരാര്‍ ഒപ്പുവെച്ചാല്‍ ടീമിലെത്തുന്ന എട്ടാം വിദേശ താരമാവും. ബ്ലാസ്റ്റേഴ്സ് താരം വെസ് ബ്രൗണിനൊപ്പം നില്‍ക്കുന്ന താരത്തിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കിസിറ്റോയുടെ വരവ് ഗോളടിക്കാന്‍ വിഷമിക്കുന്ന ബ്ലാസ്റ്റേഴ്സിന് കരുത്തുപകരുമെന്നാണ് വിശ്വാസം.
കെനിയന്‍ പ്രീമിയര്‍ ലീഗില്‍ ലിയോപാര്‍ഡിനായാണ് താരം കളിച്ചുകൊണ്ടിരുന്നത്. ദിമിതര്‍ ബെര്‍മറ്റോവ്, പോള്‍ റെച്ച്ബൂക്ക, നെമന്‍ജ ലെകിക്, വെസ് ബ്രൗണ്‍, ഇയാന്‍ ഹ്യൂം, മാര്‍ക് സിഫ്‌നോസ്, കറേജ് പെക്കൂസണ്‍ എന്നിവരാണ് നിലവില്‍ ടീമിലുള്ള വിദേശതാരങ്ങള്‍. കിസിറ്റോ കെസിറോണിന്‍റെ റിലീസ് വിവരം ക്ലബ് ചെയര്‍മാന്‍ ഡാന്‍ മുലെ നേരത്തെ സ്ഥിരീകരിച്ചിരുന്നു. പോര്‍ച്ചുഗല്‍ ക്ലബായ അലാവസിലും കളിച്ചുപരിചയമുണ്ട് മധ്യനിരയില്‍ അപ്രതീക്ഷിത നീക്കങ്ങള്‍ നെയ്യാന്‍ കരുത്തുള്ള കിസിറ്റോ.
