കൊച്ചി: കോപ്പലാശാന്‍റെ ജെംഷഡ്പൂര്‍ എഫ്‌സിക്കെതിരായ മത്സരത്തിനൊരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടി. മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന്‍റെ ഇതിഹാസ ഡിഫന്‍റര്‍ വെസ് ബ്രൗണിന് പരിക്കെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ ബ്രൗണിന്‍റെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല. എടികെ കൊല്‍ക്കത്തക്കെതിരായ ആദ്യ മത്സരത്തില്‍ വെസ് ബ്രൗണ്‍ കളിച്ചിരുന്നില്ല. 

നാല് മാസം നീണ്ട സീസണ്‍ മുന്നില്‍ നില്‍ക്കേ വെസ് ബ്രൗണിന്‍റെ പരിക്കിന്‍റെ കാര്യത്തില്‍ ടീം ആതീവ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. ബ്രൗണിന്‍റെ പരിക്ക് പൂര്‍ണ്ണമായും ഭേദമാകുംവരെ കാത്തിരിക്കാനാണ് മാനേജ്മെന്‍റിന്‍റെ തീരുമാനം. അതേസമയം വെസ് ബ്രൗണ്‍ പരിശീലനം ആരംഭിച്ചതായി പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍ വ്യക്തമാക്കിയിരുന്നു. 

മാനേജ്മെന്‍റ് ബ്രൗണിന്‍റെ ശാരീരികക്ഷമത ടീം പരിശോധിക്കുന്നതായും കളിക്കാനാകുമോ എന്ന് തീരുമാനിക്കേണ്ടത് താരമാണെന്നും പരിശീലകന്‍ റെനെ മ്യൂലന്‍സ്റ്റീന്‍ വ്യക്തമാക്കി. പ്രതിരോധത്തില്‍ സന്തോഷ് ജിങ്കനും പെസികും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതിനാല്‍ വെസ് ബ്രൗണിനെ കളിപ്പിച്ച് ഭാഗ്യപരീക്ഷണത്തിന് ബ്ലാസ്റ്റേഴ്സ് മുതിരില്ല.