കൊച്ചി: ഡല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തില്‍ കീഴ്പ്പെടുത്താനൊരുങ്ങുന്ന മഞ്ഞപ്പടയിറങ്ങുക ചരിത്രത്തിലേക്ക്. കറുപ്പില്‍ മഞ്ഞ ഡിസൈനുകള്‍ ചേര്‍ന്ന എവേ ജഴ്സിയണിഞ്ഞ് ലീഗില്‍ മഞ്ഞപ്പടയുടെ ആദ്യ മത്സരമാണ് ഇന്നത്തേത്. കേരള ബ്ലാസറ്റേഴ്സിന്‍റെ എവേ ജഴ്സി സമൂഹമാധ്യമങ്ങളിലൂടെ ടീം മാനേജ്‌മെന്‍റ് നേരത്തെ പുറത്തുവിട്ടിരുന്നു. 

പരിക്ക് മാറിയെത്തുന്ന മലയാളി താരം സി.കെ വിനീത് അടക്കമുള്ള സൂപ്പര്‍ താരങ്ങളെ പുതിയ ജഴ്സിയില്‍ കാണാം. കഴിഞ്ഞ സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ മഞ്ഞ ജഴ്സിയില്‍ തന്നെയാണ് എവേ മത്സരങ്ങള്‍ കളിച്ചത്. ലീഗ് റൗണ്ടില്‍ അവശേഷിക്കുന്ന പത്തില്‍ ഏഴും എവേ മത്സരങ്ങളായതിനാല്‍ ഇനി പുതിയ ജഴ്സിയിലാണ് അധികവും മഞ്ഞപ്പടയെ മൈതാനത്ത് കാണുക.

അവസാന മത്സരത്തില്‍ പുനെ എഫ്സിയോട് ബ്ലാസ്റ്റേഴ്സ് സമനില നേടിയ കേരള ബ്ലാസറ്റേഴ്സ് എട്ട് മത്സരങ്ങളില്‍ എട്ട് പോയിന്‍റുമായി ലീഗില്‍ എട്ടാം സ്ഥാനത്താണ്. അതിനാല്‍ ഇനിയുള്ള മത്സരങ്ങളില്‍ ജയിക്കാതെ ലീഗില്‍ മുന്നോട്ട് പോകാന്‍ ബ്ലാസ്റ്റേഴ്സിനാവില്ല.