കൊച്ചി: പ്ലേ ഓഫ് ഉറപ്പിക്കാന്‍ ചെന്നൈയിന്‍ എഫ്സിക്കെതിരായ നിര്‍ണായക മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സിറങ്ങി. ടീമില്‍ കാര്യമായ മാറ്റത്തിന് മുതിരാതെയാണ് മഞ്ഞപ്പട കളിക്കുന്നത്. ബ്ലാസ്റ്റേഴ്സ് നിരയില്‍ പ്രതിരോധ താരം ലാല്‍റുത്താര തിരിച്ചെത്തിയിട്ടുണ്ട്. ബാഡ്‌വില്‍സണാണ് ടീമിലെ ഏക സ്‌ട്രൈക്കര്‍. പെക്കൂസണ്‍, വിനീത്, ജാക്കിചന്ദ് ത്രിമൂര്‍ത്തികളാണ് മഞ്ഞപ്പടയുടെ ആക്രമണം നയിക്കുന്നത്. 

മധ്യനിരയില്‍ ബെര്‍ബറ്റോവിനേയും മിലന്‍ സിംങിനേയും കേന്ദ്രീകരിച്ചാണ് മഞ്ഞപ്പടയുടെ കളി. ലാല്‍റുത്താരയ്ക്കൊപ്പം ജിംഗാനും ബ്രൗണും റിനോയുമാണ് പ്രതിരോധ കോട്ട കാക്കുന്നത്. മലയാളി താരങ്ങളായ കെ. പ്രശാന്തും സഹലും പകരക്കാരുടെ നിരയിലുണ്ട്. ഇന്ന് തോറ്റാൽ ബ്ലാസ്റ്റേഴ്സിന്‍റെ ഈ സീസണിലെ കിരീട പ്രതീക്ഷകള്‍ അവസാനിക്കും. അതിനാല്‍ കടുത്ത മത്സരമാണ് കൊച്ചിയില്‍ പ്രതീക്ഷിക്കുന്നത്.