കൊച്ചി: ഐഎസ്എല്‍ നാലാം സീസണില്‍ മോശം പ്രകടനം തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ്സിന് വീണ്ടും തിരിച്ചടി. മഞ്ഞപ്പടയുടെ 21കാരനായ ഡച്ച് സ്‌ട്രൈക്കര്‍ മാര്‍ക് സിഫ്നോസ് ബ്ലാസ്റ്റേഴ്സ് വിട്ടു. ദേശീയ ടീമിലേക്ക് അവസരം ലഭിച്ചതിനെ തുടര്‍ന്നാണ് താരം ക്ലബ് വിട്ടതെന്നാണ് സൂചന. നേരത്തെ പരിശീലകന്‍ റെനെ മ്യൂലസ്റ്റീനും ക്ലബ് വിട്ടിരുന്നു. ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിനായി നാല് ഗോളുകള്‍ നേടിയ താരമാണ് മാര്‍ക് സിഫ്നോസ്. 

സിഫ്നോസിന് പകരം താരത്തെ കണ്ടെത്താന്‍ കേരള ബ്ലാസ്റ്റേഴ്സ് ശ്രമം തുടങ്ങി. സീസണില്‍ ബ്ലാസ്റ്റേഴ്സിന്‍റെ ആദ്യ ഗോള്‍ നേടി ടീമിന്‍റെ ഗോള്‍വരള്‍ച്ചയ്ക്ക് അറുതിവരുത്തിയത് സിഫ്നോസായിരുന്നു. പിന്തുണ നല്‍കിയ ടീമിനും ആരാധകര്‍ക്കും മാര്‍ക് സിഫ്നോസ് നന്ദിയറിയിച്ചു. വാല്‍വിജിക്ക് ക്ലബില്‍ നിന്നാണ് മാര്‍ക്ക് സിഫ്‌നോസ് ബ്ലാസ്‌റ്റേഴ്‌സിലെത്തിയത്.