ജയ്പൂര്‍: ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ നോബോളെറിഞ്ഞതിന്റെ പേരില്‍ തന്നെ ട്രോളിയ ജയ്പൂരിലെ ട്രാഫിക് പോലീസിന് മറുപടിയുമായി ഇന്ത്യന്‍ പേസര്‍ ജസ്‌പ്രീത് ബൂമ്ര. ലൈന്‍ മുറിച്ചുകടക്കരുത്, മുറിച്ചു കടന്നാല്‍ അതിന് വലിയ വില കൊടുക്കേണ്ടിവരുമെന്ന് പറയുന്ന ഹോര്‍ഡിംഗിലെ പരസ്യ വാചകത്തില്‍ ബൂമ്ര ഓവര്‍ സ്റ്റെപ്പ് ചെയ്ത് നോ ബോളെറിയുന്നതിന്റെ ചിത്രമാണ് ജയ്പൂര്‍ പോലീസ് നല്‍കിയത്.
ഇതിനാണ് ബൂമ്ര ഇന്ന് മറുപടി നല്‍കിയത്. 'നന്നായി, രാജ്യത്തിനുവേണ്ടി 100 ശതമാനവും അര്‍പ്പിച്ച ഒരു കളിക്കാരനോട് ജയ്പൂര്‍ പോലീസിന് എത്രമാത്രം ബഹമനാമുണ്ടെന്ന് തിരിച്ചറിഞ്ഞതില്‍. പേടിക്കേണ്ട, നിങ്ങള്‍ ചെയ്യുന്ന തെറ്റുകളെ ഞാന്‍ കളിയാക്കില്ല. കാരണം തെറ്റുകള്‍ മനുഷ്യസഹജമാണെന്ന്' ബൂമ്ര ട്വിറ്ററില്‍ കുറിച്ചു. ബൂമ്രയുടെ ട്വീറ്റിന് പിന്നാലെ ജയ്പൂര്‍ പോലീസ് വിശദീകരണവുമായി രംഗത്തെത്തി. താങ്കളെയോ ലക്ഷക്കണക്കിന് ആരാധരെയോ കളിയാക്കുകയോ വികാരങ്ങളെ മുറിപ്പെടുത്തുകയോ തങ്ങളുടെ ഉദ്ദ്യേശമേ ആയിരുന്നില്ലെന്ന് ജയ്പൂര്‍ പോലീസ് വ്യക്തമാക്കി.
സീബ്രാ ലൈന്‍ മുറിച്ചുകടക്കാന്‍ തയാറായി നില്‍ക്കുന്ന രണ്ട് കാറുകളുടെ ചിത്രത്തിനൊപ്പമാണ് ബൂമ്ര നോബോളെറിയുന്ന ചിത്രവും അടിക്കുറിപ്പും ജയ്പൂര്‍ പോലീസ് നല്‍കിയത്. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാന്റെ ഫഖര്‍ സമാന്റെ വിക്കറ്റ് ബൂമ്ര തുടക്കത്തിലെ വീഴത്തിയിരുന്നെങ്കിലും അമ്പയര്‍ നോ ബോള്‍ വിധിച്ചതിനാല്‍ ഔട്ട് അനുവദിച്ചില്ല. തുടര്‍ന്ന് ഫഖര്‍ സെഞ്ചുറി നേടി പാക്കിസ്ഥാന്റെ വമ്പന്‍ ടോട്ടലില്‍ നിര്‍ണായക സംഭാവന നല്‍കുകയും ചെയ്തു.ബൂമ്രയുടെ നോബോളുകള്‍ അവിടംകൊണ്ടും തീര്‍ന്നില്ല. മത്സരത്തിലാകെ നിരവധി തവണ ഓവര്‍ സ്റ്റെപ്പ് ചെയ്ത നോബോളെറിഞ്ഞ ബൂമ്ര കളി ഇന്ത്യയുടെ കൈയില്‍ നിന്ന് പോയതില്‍ ഏറെ പഴി കേള്‍ക്കുകയും ചെയ്തു.
