സണ്ടര്‍ലാന്റിന്റെ വലിയ ആരാധകനും ജീവിത്തില്‍ വലിയ പോരാളിയുമായിരുന്ന കുഞ്ഞ് ബ്രാഡ്‌ലിയ്ക്ക് കണ്ണിരോടെ വിടചൊല്ലി ആരാധകര്‍. ഡര്‍ഹാമിലെ ബ്ലാക്ക്ഹാള്‍ സെന്‍റ് ജോസഫ് കത്തോലിക്ക ദേവാലയത്തില്‍ ബ്രാഡ്‌ലി ഫോര്‍ എവര്‍ എന്നെഴുതിയ സണ്ടര്‍ലാന്റ് എഫ്.സിയുടെ ആറാം നമ്പര്‍ ജഴ്സിയിയണിഞ്ഞാണ് ആയിരക്കണക്കിന് ആരാധകര്‍ തങ്ങളുടെ ഏറ്റവും വലിയ ആരാധകനും പ്രായം കുറഞ്ഞ താരവുമായിരുന്ന ബ്രാഡ്‌ലിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത്. സംസ്കാരച്ചടങ്ങില്‍ കുഞ്ഞ് ബ്രാഡ്‌ലിയുടെ ഏറ്റവും വലിയ സുഹൃത്തായിരുന്ന മുന്‍ സണ്ടര്‍ലാന്റ് താരം ജര്‍മന്‍ ഡെഫോയും പങ്കെടുത്തു. ഒന്നര വയസുള്ളപ്പോള്‍ ബാധിച്ച ന്യൂറോ ഒബ്ളസ്റ്റോമയെന്ന അപൂര്‍വ്വ കാന്‍സര്‍ രോഗത്തെ ആറുവയസുവരെ പ്രതിരോധിച്ചുനിന്ന ബ്രാഡ്‌ലി പോയ വാരമാണ് ആരാധകഹൃദയത്തില്‍ മറക്കാത്ത ഓര്‍മയായത്.

സംസ്കാര ചടങ്ങില്‍ ഇംഗ്ലണ്ടിന്റെ ജഴ്സിയണിഞ്ഞെത്തിയ ജര്‍മ്മന്‍ ഡെഫോ നിറകണ്ണുകളോടെയാണ് പ്രിയ സുഹൃത്തിനെ യാത്രയാക്കിയത്. തങ്ങളുടെ കുഞ്ഞുതാരത്തെ യാത്രയാക്കാന്‍ ആയിരക്കണക്കിന് ആരാധകരാണ് ദേവാലയത്തിലും ബ്ലാക്ക്ഹാളിലെ തെരുവുകളിലും തടിച്ചുകൂടിയത്. സണ്ടര്‍ലാന്റ് സ്റ്റേഡിയത്തിന്റെ പുറത്തും ബ്രാഡ്‌ലിയുടെ ഗ്രാമത്തിലും ആരാധകര്‍ നൂറുകണക്കിന് ബലൂണുകള്‍ തൂക്കിയിരുന്നു. ആകാശത്തേക്ക് പറത്തിയാണ് അവര്‍ ബ്രാഡ്‌ലിയെ യാത്രയാക്കിയത്.

"നല്ല സുഹൃത്തെ വിട, നിന്നെ ഒരുപാട് മിസ് ചെയ്യുമെന്നുറപ്പ്. കുറച്ച് നല്ല നിമിഷങ്ങള്‍ക്കായി ദൈവമാണ് നിന്നെ എന്റെ അടുത്തേക്കയച്ചത്. അതിന് ഒരുപാട് നന്ദിയറിയിക്കുന്നു. നീ നന്നായി ഉറങ്ങൂ. ആദ്യമായി കണ്ടപ്പോള്‍ സ്നേഹത്തോടെ തീഷ്ണമായി എന്നെ നോക്കിയ നിന്റെ കണ്ണുകള്‍ മറക്കാനാവില്ല. എന്നെ പ്രചോദിപ്പിച്ച നിന്റെ ധൈര്യവും പെരുമാറ്റവും തുടര്‍ജീവിതത്തിലും സ്വാധീനിക്കുമെന്നുറപ്പ്. എന്നിലെ മനുഷ്യനില്‍ ബ്രാഡ്‌ലി വരുത്തിയ മാറ്റങ്ങള്‍ വലുതാണ്. ഇപ്പോള്‍ ദൈവത്തിന്റെ കൈകളിലുള്ള നീയെന്നും എന്‍റെ ഹൃദയത്തിലുണ്ടാകും". ജര്‍മ്മന്‍ ഡെഫോ സുഹൃത്തിന്റെ വേര്‍പാടില്‍ വേദനയോടെ കുറിച്ചു.

കാന്‍സറിനോട് പൊരുതുമ്പോഴും ബ്രാഡ്‌ലി പലതവണ ഡെഫോയെ കാണാന്‍ കളിക്കളത്തിലെത്തിയിരുന്നു. ഇരുവരും ചേര്‍ന്നുള്ള ചിത്രങ്ങള്‍ മാധ്യമങ്ങളിലുടെ ലോകമെങ്ങും വലിയ ചര്‍ച്ചയായി. അതോടെ ബ്രാഡ്‌ലി മൈതാനത്തെ സൂപ്പര്‍താരമായി. ബ്രാഡ്‌ലിയുടെ അജയ്യമായ മനക്കരുത്തും മനോഹരമായ പുഞ്ചിരിയും ക്ലബ്ബിലെ ഏല്ലാവരുടെയും മനസിലെ പ്രകാശമായിരുന്നു. ബ്രാഡ്‌ലിയുടെ ഉള്‍ക്കരുത്ത് വര്‍ഷങ്ങളോളം ആണയാതെ നിലനില്‍ക്കുമെന്നും ആ ജീവിതം ഏവര്‍ക്കും പ്രചോദനമാണെന്നും സണ്ടര്‍ലാന്റ് ക്ലബ്ബ് പ്രതികരിച്ചു. മുന്‍ സണ്ടര്‍ലാന്റ് മാനേജര്‍ ഡേവിഡ് മോയസും ഡെഫോയോടൊപ്പം സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു

പ്രീമിയര്‍ ലീഗില്‍ സണ്ടര്‍ലാന്റിന്റെ മത്സരങ്ങള്‍ക്കിടെ ഡെഫോയ്ക്കൊപ്പം പലതവണ കണ്ടിട്ടുളള ബ്രാഡ്‌ലിയെന്ന ആറു വയസുകാരനെ ആരാധകര്‍ക്ക് അത്രയെളുപ്പം മറക്കാനാകില്ല. ഒത്തിണക്കം നിറഞ്ഞ ലോംഗ് പാസുകള്‍ പോലെയായിരുന്നു ഡെഫോയുമായുള്ള ബ്രാഡ്‌ലിയുടെ കളിക്കളത്തിലെ സൗഹൃദം. ആ മനോഹര കാഴ്ച കണ്ട് ലക്ഷണക്കണക്കിന് ആരാധകര്‍ കരഘോഷം മുഴക്കി, സണ്ടര്‍ലാന്റ് ടീമിനൊപ്പം മൈതാനങ്ങളില്‍ നിന്ന് മൈതാനങ്ങളിലേക്ക് ചേക്കേറി. ആറുവയസുകാരനായ കുഞ്ഞ് ബ്രാഡ്‌ലി അവരുടെ താരവും ആരാധകനും മാത്രമായിരുന്നില്ല. ടീമിന്റെ നീക്കങ്ങള്‍ക്ക് പിന്നിലെ കരുത്തനായ പന്ത്രണ്ടാമന്‍ കൂടിയായിരുന്നു.

ജര്‍മ്മന്‍ ഡെഫോ ഇംഗ്ലണ്ട് കുപ്പായമണിഞ്ഞപ്പോള്‍ ബ്രാഡ്‌ലി ലവ്റി അവിടെയുമുണ്ടായിരുന്നു. വൈകാരികമായ സ്നേഹവും നിഷ്കളങ്കതയും പ്രകടമായ മൈതാനത്തെയും പുറത്തെയും അവരുടെ ചിത്രങ്ങള്‍ക്കായി ലോകം കാത്തിരുന്നു. അങ്ങനെ ചെറുപ്രായത്തില്‍ ബ്രാഡ്‌ലി കളിക്കളത്തിലെ സൂപ്പര്‍താരമായി. എന്നാല്‍ അടുത്തിടെ പുതിയ ക്ലബ്ബിലേക്ക് ചേക്കേറിയ ജര്‍മ്മന്‍ ഡെഫോയുടെ മത്സരങ്ങള്‍ കാണാന്‍ രോഗക്കിടക്കിലായ ബ്രാഡ്‌ലി എത്തിയിരുന്നില്ല.

രോഗപീഡ മൂലം അവശനായ ബ്രാഡ്‌ലിയുടെ അവസാന ആഗ്രഹം ഡെഫോ തന്റെ കട്ടിലില്‍ വന്നിരിക്കണമെന്നായിരുന്നു. അതും നിറഞ്ഞ മനസോടെ ഡെഫോ സാധിച്ചുകൊടുത്തിരുന്നു.

സണ്ടര്‍ലാന്റിന്റെ പ്രായം കുറ‍ഞ്ഞ താരം കൂടിയായിരുന്ന ബ്രാഡ്‌ലി, നീട്ടിയടിച്ച പന്ത് പെനല്‍റ്റി ബോക്സില്‍ 34കാരനായ ജര്‍മ്മന്‍ ഡെഫോയുടെ കാലുകളിലേക്കെത്തി. അനായാസം ഡെഫോ പന്ത് ഹെഡ് ചെയ്ത് പോസ്റ്റിന്റെ വലതുമൂലയിലിട്ടു. ശേഷം ഡെഫോ പിന്തിരിഞ്ഞു നോക്കിയപ്പോഴേക്കും ബ്രാഡ്‌ലി അപ്രത്യക്ഷമായിരുന്നു. വിങ്ങിലുടെ ആരാധക മനസ്സിലേക്കു് വേഗതയില്‍ മുന്നേറിയ ആ സൗഹൃദം അസ്തമിച്ചപ്പോള്‍ കണ്ണ് നിറഞ്ഞത് ഡെഫോയുടെയും സണ്ടര്‍ലാന്റ് ആരാധകരുടെയും മാത്രമല്ല, കാല്‍പ്പന്തുകളിയെ ഹൃദയത്തിലേറ്റിയവരുടെ ഉള്ളില്‍ നൊമ്പരമായി കുഞ്ഞ് ബ്രാഡ്‌ലി ഇനിയും ജീവിക്കും.