ലണ്ടന്‍: ജോ റൂട്ട് ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനാകും. നായകനായിരുന്ന അലിസ്റ്റര്‍ കുക്ക് സ്ഥാനമൊഴിഞ്ഞതിനെത്തുടര്‍ന്നാണ് റൂട്ടിനെ സെലക്ടര്‍മാര്‍ നായകനായി തെരഞ്ഞെടുത്തത്. ഇന്ത്യന്‍ പര്യടനത്തിലെ തോല്‍വിക്ക് പിന്നാലെയാണ് അലിസ്റ്റര്‍ കുക്ക് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. 25കാരനായ റൂട്ട്, 2015 മുതല്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ്.
ബെന്‍ സ്റ്റോക്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവരെയും ക്യാപ്റ്റന്‍ സഥാനത്തേക്ക് പരിഗണിച്ചിരുന്നു. ബെന്‍ സ്റ്റോക്സാണ് ടീമിന്റെ പുതിയ വൈസ് ക്യാപ്റ്റന്‍. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 4 മത്സരത്തില്‍ മാത്രം നയിച്ചിട്ടുള്ള റൂട്ടിന് ക്യാപ്റ്റനായി അധികം പരിചയമില്ല.
സ്മിത്തിനും വില്യാംസണും കൊഹ്‌ലിക്കും പുറകെ റൂട്ട് കൂടി നായകനായകുന്നതോടെ ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനാരെന്ന പോരാട്ടത്തിനൊപ്പം മികച്ച ക്യാപ്റ്റനാകാനുള്ള പോരാട്ടവും കനക്കും. കൊഹ്‌ലിക്ക് കീഴില്‍ പരാജയമറിയാതെ കുതിക്കുന്ന ഇന്ത്യയാണ് ടെസ്റ്റ് റാങ്കിംഗില്‍ നിലവില്‍ ഒന്നാമത്.
