മുംബൈ: ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫില്‍ഡര്‍മാരില്‍ ഒരാളായി അറിയപ്പെടുന്ന ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്‌സ് ഐ.പി.എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിനോട് വിട ചൊല്ലി. നീണ്ട ഒന്‍പത് വര്‍ഷം മുംബൈ ഇന്ത്യന്‍സിന്റെ ഫില്‍ഡിംഗ് കോച്ചായി സേവനമനുഷ്ഠിച്ച ശേഷമാണ് ജോണ്ടി പിന്‍വാങ്ങുന്നത്. 

ജോണ്ടി റോഡ്‌സിന് പകരം ജെംയിസ് പമ്മന്റായിരിക്കും ഇനി മുംബൈയുടെ ഫീല്‍ഡിംഗ് പരിശീലകന്‍. സ്വന്തം ബിസിനസിലേക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ വേണ്ടിയാണ് ജോണ്ടി മുംബൈ ഇന്ത്യന്‍സിനോട് വിട ചൊല്ലുന്നത്. 

ആരംഭം മുതല്‍ മുംബൈ ടീമിന്റെ ഊര്‍ജ്ജവും ആവേശവുമായിരുന്നു ജോണ്ടിയെന്നും അദ്ദേഹത്തിന്റെ സേവനങ്ങള്‍ വാക്കുകളിലൊതുക്കാന്‍ സാധിക്കില്ലെന്നും ടീമില്‍ നിന്ന് പുറത്തു പോയാലും അദ്ദേഹം മുംബൈ ഇന്ത്യന്‍സ് കുടുംബത്തിന്റെ ഭാഗമായിരിക്കുമെന്നും ടീം ഉടമ ആകാശ് അംബാനി പറഞ്ഞു.